നൂറിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ കേരളത്തിൽ ഉള്ള സുഹൃത്തുക്കൾ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
“ലോകത്ത് ഏറ്റവും നല്ല സ്ഥലം ഏതാണ്?”
ഇതിന് പല ഉത്തരങ്ങൾ ഉണ്ട്.
ഏറ്റവും നല്ലത് എന്ന് വച്ചാൽ ഏറ്റവും മനോഹരം എന്നോ ഏറ്റവും നല്ല ആളുകൾ ഉള്ളത് എന്നോ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നോ കാര്യങ്ങൾ കൃത്യമായി നടക്കുന്ന സ്ഥലം എന്നോ എന്നിങ്ങനെ പല തരത്തിൽ വ്യാഖ്യാനിക്കാമല്ലോ?
പക്ഷെ അതിൻ്റെ ഒന്നും ആവശ്യമില്ല. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ നാട്ടുകാർ പ്രതീക്ഷിക്കുന്നുള്ളൂ.
“സാരെ ജഹാൻ സേ അച്ചാ, ഹിന്ദുസ്ഥാൻ ഹമാരാ…”
അതിൽ തന്നെ പറ്റിയാൽ “കേരളം നമ്പർ വൺ” എന്ന് പറയണം.
മറ്റേതൊരു ഉത്തരം പറഞ്ഞാലും ആളുകൾക്ക് സമാധാനം ആവില്ല. പറയാതിരിക്കുന്നതാണ് നല്ലത്.
പക്ഷെ കൂടുതൽ സത്യസന്ധമായി ഉത്തരം പറയാൻ തോന്നുന്ന ചോദ്യങ്ങൾ ഉണ്ട് കേട്ടോ.
ഉദാഹരണത്തിന് “ഇനി പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്”
സത്യത്തിൽ ഇനി ഒരു രാജ്യത്തും പോകാൻ പ്രത്യേക ആഗ്രഹം ഒന്നുമില്ല. പക്ഷെ പോകാൻ ആഗ്രഹിക്കുന്ന പ്രദേശങ്ങൾ രണ്ടുണ്ട്.
ഒന്ന് – അന്റാർട്ടിക്ക
രണ്ട് – ശൂന്യാകാശം
ഇതിൽ ഒന്നാമത്തേതിൽ പോകാൻ ഏതാണ്ട് പത്തു ലക്ഷം രൂപ വേണം, ഒരു മാസം എങ്കിലും സമയം വേണം, അത്യാവശ്യം ആരോഗ്യം വേണം. പക്ഷെ ഇതൊക്കെ ഉണ്ടെങ്കിൽ പിന്നെ ഏറെ ചോയ്സ് ഉണ്ട്. സ്പേസിൽ പോകുന്ന കാര്യം പക്ഷെ അങ്ങനെ അല്ല. റഷ്യൻ റോക്കറ്റിൽ മാത്രമാണ് ടൂറിസ്റ്റുകൾക്ക് ശൂന്യാകാശത്ത് എത്താൻ പറ്റുന്നത്. വിരലിൽ എണ്ണുന്ന അത്രയും ആളുകളേ ഇതുവരെ സ്പേസിൽ ടൂറിസ്റ്റുകൾ ആയി പോയിട്ടുള്ളൂ. റഷ്യൻ സ്പേസ് സ്റ്റേഷനിലേക്ക് പോകാൻ കോടി രൂപയോളം ചിലവുണ്ട് എന്നാണ് വായിച്ചത്.
പിന്നെ ഉള്ളത് ചില സ്വകാര്യ കമ്പനികൾ ഒന്നോ രണ്ടോ മിനുട്ട് ശൂന്യാകാശത്ത് എത്തിച്ച് തിരിച്ചു കൊണ്ടുവരുന്ന പരിപാടിയാണ്. ഇപ്പോൾ ബുക്കിങ്ങ് ആയിട്ടേ ഉള്ളൂ, ഒരു പത്തു വര്ഷം കഴിഞ്ഞാൽ നടന്നാൽ നടന്നു.
പക്ഷെ സോഷ്യൽ മീഡിയയുടെ കാലത്ത് ശൂന്യാകാശത്ത് പോകാൻ ഒരു എളുപ്പ വഴിയുണ്ട്.
പൊതുബോധത്തിന് എതിരായ ഒരു അഭിപ്രായം പറഞ്ഞാൽ മതി. ഉടൻ നാട്ടുകാരുടെ ചിലവിൽ ശൂന്യാകാശത്ത് എത്താം, കുറച്ചു സമയം താഴത്തെ കാഴ്ചകൾ ഒന്നും കണ്ണിൽ പെടില്ല, മുകളിൽ നിന്നും കാര്യങ്ങൾ കണ്ടു വീണ്ടും താഴേക്ക് പോരാം.
അതിൽ തന്നെ ഏറ്റവും എളുപ്പമാണ് കെ റെയിലിനെ പിന്തുണക്കുക എന്നത്.
അതും ഇപ്പോൾ
എന്നാൽ തുടങ്ങിയേക്കാം
കെ റെയിൽ വരും കേട്ടോ
ഈ കെ റെയിൽ ചർച്ച ഒക്കെ നാട്ടിൽ തുടങ്ങുന്നതിന് മുൻപ് തന്നെ കെ റെയിലിനെ പിന്തുണച്ച ഒരാളാണ് ഞാൻ. അന്ന് ചർച്ച ഒന്നും ഉണ്ടായില്ല. കേരളത്തിലെ മിക്കവാറും കാര്യങ്ങൾ അങ്ങനെയാണല്ലോ. ഉദാഹരണത്തിന് ഒരു അസംബ്ലി തിരഞ്ഞെടുപ്പിന് രണ്ടു മാസം മുൻപാണ് പ്രകടന പത്രിക ഒക്കെ ഉണ്ടാക്കാൻ തുടങ്ങുന്നത്. ഇതിൽ ഭരണ കക്ഷി പ്രതിപക്ഷ വ്യത്യാസം ഇല്ല. ഈ പ്രകടനപത്രിക ഒക്കെ പ്രകടനമല്ലേ എന്ന് ചിന്തിക്കുന്നവരും ഉണ്ട് !
പക്ഷെ കെ റെയിൽ പോലെ, ഉന്നത വിദ്യാഭ്യാസ നയം പോലെ, പ്രവാസി നയം പോലെ, കാർഷിക നയം പോലെ, ടൂറിസം കാര്യങ്ങളിലെ വികസന പദ്ധതികൾ പോലുള്ള കാര്യങ്ങൾ ഒക്കെ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച ചെയ്യേണ്ടതാണ്. പറ്റിയാൽ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ തന്നെ ചർച്ച വേണം. രണ്ടു കൂട്ടർക്കും ഏതാണ്ട് സമ്മതിക്കാൻ പറ്റുന്ന കാര്യങ്ങൾ തീരുമാനിക്കണം. ആശയപരമായി ഇടതും വലതും ഒക്കെ നിൽക്കുന്ന പാർട്ടികൾ ഉള്ള നാട്ടിൽ ഇതൊക്കെ വളരെ വിഷമമുള്ള കാര്യമാണ്. പക്ഷെ കേരളത്തിൽ അങ്ങനെയല്ലല്ലോ. യു ഡി എഫും എൽ ഡി എഫും ഒക്കെ ആശയപരമായി ഇടതു പക്ഷത്താണ്.
ഒരുദാഹരണം പറയാം കേരളത്തിന് സാമ്പത്തികമായി പുരോഗമനാത്മകമായ ഒരു ഭാവി ഉണ്ടാകണം എങ്കിൽ അതിന് നമ്മുടെ സമ്പദ് വ്യവസ്ഥയിൽ ഒരു ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കൊണ്ടുവന്നേ പറ്റൂ. നിർമ്മിത ബുദ്ധി മുതൽ റോബോട്ടിക്സ് വരെയുള്ള സാങ്കേതിക വിദ്യകൾ നമ്മുടെ സർക്കാർ സംവിധാനങ്ങൾ മുതൽ ദൈനം ദിന ജീവിതം വരെയുള്ള കാര്യങ്ങളുടെ ഭാഗമാകണം.
ഇത് ശരിയാണോ ?
ഇതാണോ ശരി?
ഇത് മാത്രമാണോ ശരി?
ഇത് ശരിയാണെങ്കിൽ ഇത്തരം സംവിധാനങ്ങൾ എങ്ങനെ നടപ്പിലാക്കും? ഇതൊക്കെ നടപ്പിലാക്കുമ്പോൾ സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവർക്ക് ഇത് ഗുണകരമാകുമെന്നും ചുരുങ്ങിയത് നഷ്ടം പറ്റുന്നവർക്ക് സമൂഹം ഒരു കൈത്താങ്ങ് എങ്ങനെ നൽകും എന്നുമൊക്കെ ചർച്ചകൾ ഇപ്പോൾ നടക്കണം. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഒരു പ്രകടന പത്രിക ഉണ്ടാക്കി “വിജ്ഞാന സമ്പദ് വ്യവസ്ഥ കൊണ്ടുവരും” എന്നൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം?
കഴിഞ്ഞ തവണ കോൺഗ്രസിന് വേണ്ടി പ്രകടന പത്രിക ഉണ്ടാക്കിയതിന് നേതൃത്വം നൽകിയത് ശ്രീ ശശി തരൂർ ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം കേരളത്തിലേക്ക് മാറ്റുകയാണ്. രണ്ടായിരത്തി ഇരുപത്തി ആറാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അപ്പോൾ നാലു വർഷങ്ങൾ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒക്കെ ഉണ്ട്.
കേരളത്തിന്റെ ഭാവിയെപ്പറ്റിയുള്ള സ്വപ്നങ്ങളും ആശയങ്ങളും ചർച്ച ചെയ്യാൻ അദ്ദേഹം ഇനിയുള്ള മാസങ്ങളിൽ മുൻകൈ എടുക്കും എന്ന് പ്രതീക്ഷിക്കാം. അദ്ദേഹം തുടങ്ങി വച്ചാൽ മറ്റുള്ളവർക്ക് അത് ചർച്ച ചെയ്യാതിരിക്കാൻ പറ്റാതെ വരും.
കേരളത്തിന്റെ ഭാവിയെ പറ്റി ചർച്ച ചെയ്യുമ്പോൾ അതിൽ പ്രധാനപ്പെട്ട ഒന്ന് ഭാവി കേരളത്തിലെ ഗതാഗത സൗകര്യങ്ങൾ ആയിരിക്കണമല്ലോ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആധുനികമായ ഒരു റെയിൽ സംവിധാനവും റോഡ് സംവിധാനവും നമുക്ക് വേണ്ടേ? രണ്ടായിരത്തി അമ്പതിനെ പറ്റി സ്വപ്നം കാണുമ്പോൾ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്താൻ പന്ത്രണ്ട് മണിക്കൂർ എടുക്കുന്ന ലോകമാണോ നാം സ്വപ്നം കാണേണ്ടത്?
ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ നമ്മുടെ ഭാവി എന്നത് മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഒന്നല്ല. നാം ഇന്നെടുക്കുന്ന തീരുമാനങ്ങളുടെ അകെ തുകയാണ്അനന്തരഫലമാണ് നമ്മുടെ നാളെ എന്ന് പറയുന്നത്. വ്യക്തിപരമായും ഒരു സംസ്ഥാനം എന്ന നിലയിലും അത് ശരിയാണ്. അപ്പോൾ കേരളത്തിന് ഒരു ഭാവിയല്ല, പല ഭാവികൾ സാധ്യമാണ്. ഒന്ന് നമ്മുടെ നാട്ടിൽ സാമ്പത്തികമായ അവസരങ്ങളും സാമൂഹികമായ പുരോഗതിയും ഉണ്ടാവില്ല എന്നും നമ്മുടെ രാഷ്ട്രീയം ഇത്തരത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം കിട്ടാൻ വേണ്ടി മറുപക്ഷം കൊണ്ടുവരുന്ന എന്തും എതിർക്കുന്ന ഒരു രീതിയായി നില നിൽക്കുമെന്നും, വർഗീയ, ജാതീയ സംഘടനകൾ രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കും എന്നുമൊക്കെ നമ്മുടെ പുതിയ തലമുറ ആശങ്കപ്പെടുന്നു. പറ്റുന്നവർ ഒക്കെ നാട് വിടുന്നു. മാതാപിതാക്കൾ അതിനെ പ്രോത്സാഹിപ്പിക്കുന്നു. രാഷ്ട്രീയമായും സാമൂഹികമായും സങ്കുചിതമായ ചിന്താഗതികൾ ഉള്ളവർ ഭൂരിപക്ഷം ആകുന്നു. സാമ്പത്തികമായി നമ്മൾ പതുക്കെ പതുക്കെ പിന്നോട്ട് പോകുന്നു. സാമൂഹികമായി നമ്മൾ നേടിയെടുത്ത പുരോഗതി ഇല്ലാതാകുന്നു.
ഇത്തരം പ്രദേശങ്ങൾ ഒക്കെ ലോകത്തുണ്ട്. പേര് പറയുന്നില്ല. ഇത്തരം ഒരു ഭാവിയിൽ കെ റെയിലിന്റെ ഒന്നും ആവശ്യം വരില്ല. പണ്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കി പോയ റെയിൽ സംവിധാനം പോലും ബാക്കിയില്ലാത്ത പ്രദേശങ്ങൾ ഉണ്ട്. കാറിൽ നിന്നും കഴുത വണ്ടിയിലേക്ക് മാറിയ പ്രദേശങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. നിങ്ങൾ അതിനെ പറ്റി കേട്ടിട്ട് കൂടി ഉണ്ടാവില്ല. അത് തന്നെയാകും നമ്മുടേയും കാര്യം. കേരളം സാമൂഹ്യമായും സാമ്പത്തികമായും പിന്നോട്ട് പോയാൽ ലോകത്താര് ശ്രദ്ധിക്കുന്നു? അവർക്കെന്ത് താല്പര്യം?
ഇങ്ങനെ അല്ലാത്ത ഭാവിയും സാധ്യമാണ്. മുന്നണികൾ ഒക്കെ മാറുന്നുണ്ടെങ്കിലും രാഷ്ട്രീയ സ്ഥിരത ഉള്ള പ്രദേശമാണ്. നമ്മൾ എപ്പോഴും കുറ്റം പറയുമെങ്കിലും ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ മർഡർ റേറ്റ് ഉള്ള സ്ഥലമാണ്. വൻകിട ക്രൈം ഒക്കെ ഏറെ കുറവ്. മോഡറേറ്റ് ആയിട്ടുള്ള കാലാവസ്ഥ. ലോകത്തെവിടെ നിന്നും ആളുകൾക്ക് എത്തിപ്പറ്റാനും ലോകത്തെവിടേക്കും സാധനങ്ങൾ കയറ്റിഅയക്കാനും പറ്റിയ എയർ കണക്ടിവിറ്റി. ടൂറിസത്തിൻ്റെ അനന്ത സാദ്ധ്യതകൾ.
ഏതൊരു വിജ്ഞാന ശാഖ എടുത്താലും ലോകത്തേതെങ്കിലും സ്ഥലത്ത് ആ രംഗത്ത് മുൻ നിരയിൽ ജോലി ചെയ്യുന്ന മലയാളികളുടെ ജന്മ ദേശം. അത് സാധ്യമാക്കുന്ന വലിയ സാമൂഹ്യ ശൃംഖല. കേരളത്തിന് പുറത്ത് പ്രസ്ഥാനങ്ങൾ നടത്തി ശതകോടികൾ സംബന്ധിച്ച മലയാളികൾ ഇപ്പോഴും നാടുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന നാട്. അത് കൊണ്ട് വരുന്ന സാദ്ധ്യതകൾ. ഏതൊരു സാങ്കേതിക വിദ്യയും പഠിപ്പിച്ചാൽ അത് പഠിച്ചെടുക്കാനുള്ള കഴിവുളള ലക്ഷക്കണക്കിന് യുവാക്കൾ ഉള്ള പ്രദേശം. അതിൻ്റെ പൊട്ടൻഷ്യൽ, എന്നിങ്ങനെ പല സാദ്ധ്യതകൾ ഉണ്ട്. ഇവയൊക്കെ കോർത്തിണക്കാൻ നമുക്ക് പറ്റണം.
അതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഇതൊക്കെ വേണം. അങ്ങനെ ഒരു വിഷൻ വേണം,
അങ്ങനെ ഒരു നാട്ടിലേക്ക് ലോകത്തെവിടെനിന്നും മൂലധനവും നൈപുണ്യവും വരാൻ ആഗ്രഹിക്കും. അങ്ങനെ വന്നാൽ നമ്മുടെ നാട്ടിൽ നിന്നും പുറത്തു പോയവർക്ക് തിരിച്ചു വരാൻ അവസരം ഉണ്ടാകും. നാട്ടിൽ ഉള്ളവർക്ക് തൊഴിലിനും ജീവിതം ആസ്വദിക്കാനും സാമൂഹിക നിയന്ത്രണം ഇല്ലാതെ ജീവിക്കാനും വേണ്ടി നാട് വിടേണ്ടി വരില്ല. അത്തരം ഒരു കാലം വന്നാൽ, അന്ന് കേരളത്തിൽ എക്സ്പ്രസ്സ് വേയും ഹൈസ്പീഡ് റെയിലും ഒക്കെ ഉണ്ടാകും.
പക്ഷെ,
ഈ കാര്യങ്ങൾ ഒന്നും നമ്മുടെ ഗ്രഹനില അനുസരിച്ച് സംഭവിക്കുന്നതല്ല. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അനുസരിച്ച് ഉണ്ടാകാൻ പോകുന്നതാണ്. അത്തരം തീരുമാനങ്ങൾ എടുക്കാൻ വേണ്ടി നമ്മുടെ സമൂഹത്തെ സന്നദ്ധമാക്കണമെങ്കിൽ അതിനുള്ള ചർച്ചകൾ നടക്കണം. നമ്മുടെ മാധ്യമങ്ങൾ ഒക്കെയാണ് അതിന് മുൻകൈ എടുക്കേണ്ടത്. ശശി തരൂർ വരും, എല്ലാം ശരിയാകും എന്നൊക്കെ പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്.
പക്ഷെ അദ്ദേഹം നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു ഡിസ്റപ്റ്റർ ആണ്. അദ്ദേഹത്തിൻ്റെ വരവ് നമ്മുടെ രാഷ്ട്രീയത്തിലെ ചർച്ചകളുടെ നിലവാരം മുകളിലേക്ക് കൊണ്ടുപോകാൻ ഉപയോഗിക്കാവുന്നതാണ്. നമ്മുടെ മാധ്യമങ്ങൾ ആണ് ഇതിന് മുൻകൈ എടുക്കേണ്ടത്. പ്രതീക്ഷയില്ലെങ്കിലും പഴയ മാധ്യമങ്ങൾ ഇല്ലെങ്കിൽ നമുക്ക് നവ മാധ്യമങ്ങളെ ആശ്രയിക്കാമല്ലോ. ഗോളാന്തര വാർത്തയിൽ ശങ്കരാടി പറയുന്നത് പോലെ, ചർച്ച വേണം…
മുരളി തുമ്മാരുകുടി
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthummarukudy%2Fposts%2Fpfbid032JdqM2oTfq61zCt5167cuiu2bdZqLbTXHYXCHQGYkQJCP5GDda7dvdkeZwCHCn9El&show_text=true&width=500