കണ്ണൂര്‍ : ശശി തരൂരിനെ പിന്തുണച്ച് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താന്‍ പോരിമയുമാണെന്നും പ്രമേയത്തില്‍ പറയുന്നു. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെന്നും തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്.
നേതാക്കളുടെ ‘അമ്മാവന് സിന്‍ഡ്രോം’ മാറണമെന്നും പ്രമേയം പറഞ്ഞുവെക്കുന്നു. മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് തരൂരിന് പിന്തുണ നല്‍കിയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
അതേസമയം, ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ ശശി തരൂര്‍ കേരളത്തിന്റ വടക്കന്‍ ജില്ലകളില്‍ പര്യടനം ആരംഭിച്ചതാണ് സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചത്. അനുമതിയില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് തരൂര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതെന്നുമായിരുന്നു നേതാക്കളുടെ വിമര്‍ശനം. ഇതേ തുടര്‍ന്ന് ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ നടത്തിപ്പില്‍ നിന്നും കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് പിന്മാറിയിരുന്നു.