മുംബൈ: ഓടിക്കൊണ്ടിരുന്ന ടാക്സിക്കുള്ളില്‍ നിന്ന് പത്തുമാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തുകയും അമ്മയെ പീഡിപ്പിക്കുകയും ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ മുംബയ്- അഹമ്മദാബാദ് ഹൈവേയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അതിദാരുണമായ സംഭവം നടന്നത്.
അമ്മയും കുഞ്ഞും പെല്‍ഹറില്‍ നിന്ന് പൊഷെരേയിലേയ്ക്ക് ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്നു. ഈ സമയം, വാഹനത്തിനുള്ളില്‍ മറ്റ് യാത്രക്കാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ടാക്സി ഡ്രൈവറും മറ്റ് യാത്രക്കാരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇത് ചെറുക്കുന്നതിനിടെ അക്രമികള്‍ കുഞ്ഞിനെ തട്ടിയെടുത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്കെറിഞ്ഞു. കുഞ്ഞ് സംഭവസ്ഥലത്തു തന്നെ മരിച്ചു. പിന്നാലെ അമ്മയെയും ടാക്സിയ്ക്കുള്ളില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ടു. ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.