മനുഷ്യാവകാശങ്ങളുടെ കൂട്ടത്തിൽ പ്രകൃതിയെ കൂടി ഉൾപ്പെടുത്തണമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആഹ്വാനം. പ്രകൃതിയെ ഉൾപ്പെടുത്തി ‘മനുഷ്യാവകാശങ്ങൾ’ പുനർനിർവചിക്കണമെന്നും അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും രൂപത്തിൽ ദരിദ്ര രാജ്യങ്ങൾ വലിയ വില നൽകേണ്ടിവരുമെന്നും ദ്രൗപതി മുർമു പറഞ്ഞു.
മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശനിയാഴ്ച ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതിയെയും ജൈവവൈവിധ്യത്തെയും അന്തസ്സോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യാൻ മനുഷ്യർ പഠിക്കണമെന്ന് ദ്രൗപതി മുർമു അഭ്യർത്ഥിച്ചു.
“നീതി എന്ന ആശയം വികസിപ്പിക്കാൻ ശ്രമിക്കണമെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ലോകം അനുഭവിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയുടെ തകർച്ചയ്ക്ക് ദരിദ്ര രാജ്യങ്ങളിലെ ആളുകൾ വലിയ വില നൽകേണ്ടിവരും. നീതിയുടെ പാരിസ്ഥിതിക മാനം നമ്മൾ ഇപ്പോൾ പരിഗണിക്കണം – രാഷ്ട്രപതി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി വളരെ വലുതാണെന്നും അവകാശങ്ങൾ പുനർനിർവചിക്കാൻ മനുഷ്യരെ നിർബന്ധിതരാക്കുമെന്നും അവർ പറഞ്ഞു.
“അഞ്ച് വർഷം മുമ്പ്, നിങ്ങൾക്കറിയാവുന്നതുപോലെ, ഗംഗയ്ക്കും യമുനയ്ക്കും മനുഷ്യർക്ക് തുല്യമായ നിയമപരമായ അവകാശങ്ങളുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ എന്തിനാണ് രണ്ട് നദികളിൽ മാത്രം നിർത്തുന്നത്? എണ്ണമറ്റ പുണ്യ തടാകങ്ങളും നദികളും പർവതങ്ങളുമുള്ള വിശുദ്ധ ഭൂമിശാസ്ത്രത്തിന്റെ നാടാണ് ഇന്ത്യ. ഈ ഭൂപ്രകൃതിക്ക്, സസ്യജന്തുജാലങ്ങൾ സമ്പന്നമായ ജൈവവൈവിധ്യം കൂട്ടിച്ചേർക്കുന്നു.
“അതിനാൽ, എല്ലാ മനുഷ്യരെയും നമ്മിൽ നിന്ന് വ്യത്യസ്തരല്ലെന്ന് കണക്കാക്കാൻ മനുഷ്യാവകാശ സങ്കൽപ്പം നമ്മെ ഉദ്ബോധിപ്പിക്കുന്നതുപോലെ, മുഴുവൻ ജീവജാലങ്ങളെയും അതിന്റെ ആവാസ വ്യവസ്ഥയെയും ബഹുമാനത്തോടെ പരിഗണിക്കണം.”
“നമുക്ക് ചുറ്റുമുള്ള മൃഗങ്ങളും മരങ്ങളും സംസാരിക്കാൻ കഴിയുമെങ്കിൽ ഞങ്ങളോട് എന്ത് പറയും എന്ന് ഞാൻ അത്ഭുതപ്പെടുന്നു. നമ്മുടെ നദികൾ മനുഷ്യ ചരിത്രത്തെക്കുറിച്ച് എന്ത് പറയും, മനുഷ്യാവകാശങ്ങൾ എന്ന വിഷയത്തിൽ നമ്മുടെ കന്നുകാലികൾ എന്ത് പറയും? നമ്മൾ അവരുടെ അവകാശങ്ങളെ കാലങ്ങളായി ചവിട്ടിമെതിച്ചു. ഇപ്പോൾ അതിന്റെ ഫലം നമ്മുടെ മുന്നിലുണ്ട്. പ്രകൃതിയോട് മാന്യമായി പെരുമാറാൻ നമ്മൾ പഠിക്കണം. വീണ്ടും പഠിക്കണം. ഇത് ധാർമികമായ കടമ മാത്രമല്ല, നമ്മുടെ നിലനിൽപ്പിനും അത് ആവശ്യമാണെന്ന് ഓർക്കാം.
“അതുകൊണ്ടാണ് സംവേദനക്ഷമതയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നത് മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള താക്കോൽ ആകുന്നത്. മനുഷ്യരെക്കാൾ താഴ്ന്നവരായി പരിഗണിക്കപ്പെടുന്നവരുടെ സ്ഥാനത്ത് നമുക്ക് സ്വയം സങ്കൽപ്പിക്കാൻ കഴിയുമെങ്കിൽ, അത് നമ്മുടെ കണ്ണുതുറക്കുകയും ആവശ്യമുള്ളത് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. ‘സുവർണ്ണനിയമം’ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം. മറ്റുള്ളവരോട് നിങ്ങൾ എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ അവരോട് പെരുമാറുക എന്ന് അതിൽ പറയുന്നു. അത് മനുഷ്യാവകാശ പ്രഭാഷണത്തെ മനോഹരമായി സംഗ്രഹിക്കുന്നു,” രാഷ്ട്രപതി പറഞ്ഞു.
‘
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ ഓർമ്മയ്ക്കായാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. “എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും” എന്നതാണ് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം.
അതേസമയം, ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതിബാധിച്ചില്ല. ഇന്ത്യയിലും ലോകത്തും മനുഷ്യാവകാശ വിഷയങ്ങളിൽ വിവിധ സർക്കാരുകൾ എടുക്കുന്ന നിലപാടുകൾ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ മനുഷ്യാവകാശ ദിനത്തിൽ മനുഷ്യരെ കുറിച്ച് പറയാതെ പ്രകൃതിയിൽ ഊന്നിയായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം.