ന്യൂ ഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് 12 മണിക്കാണ് ചടങ്ങ്. സുഖുവും ഉപമുഖ്യമന്ത്രിയാകുന്ന മുകേഷ് അഗ്നിഹോത്രിയും മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുക.
അതേസമയം, മന്ത്രിമാരുടെ കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കും. രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ , കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തില്‍ നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതല്‍ പേര് അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ ഹൈക്കമാന്‍ഡാണ് നേരിട്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കോണ്‍ഗ്രസിന് മിന്നും വിജയം നേടിക്കൊടുത്ത ജനങ്ങള്‍ക്കും ഗാന്ധി കുടുംബത്തിനും പ്രഖ്യാപനത്തിന് പിന്നാലെ സുഖ്വിന്ദര്, നന്ദിയറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിന്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറില്‍ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്.
ഹിമാചലിലെ ഹാമിര്‍പുരിലെ നഡൗനില്‍നിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്വിന്ദര്. 40ല്‍ 25 എംഎല്‍എമാരും സുഖ്വിന്ദറിനാണു പിന്തുണ അറിയിച്ചത്. എല്‍എല്‍ബി ബിരുദധാരിയായ സുഖ്വിന്ദര്, കോണ്‍ഗ്രസ് സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 40 വര്‍ഷമായി ഹിമാചല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നേതൃത്ത്വത്തിനും ജനങ്ങള്‍ക്കും പ്രിയങ്കരനാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ ഉയര്‍ന്ന പേര് സുഖുവിന്റേതായിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം 21 എംഎല്‍എമാരുമായി യോഗവും സുഖു നടത്തിയിരുന്നു. ലോവര്‍ ഹിമാചല്‍ പ്രദേശില്‍പെട്ട സിര്‍മൗര്‍, ഹമിര്‍പുര്‍, ബിലാസ്പൂര്‍, സോലന്‍ തുടങ്ങിയ ജില്ലകളില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് സുഖു.