ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ തകർത്ത് മൊറോക്കോ സെമിയില്‍. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം. 51-ാം മിനിറ്റിൽ ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറക്കിയിട്ടും മൊറോക്കോയ്ക്കെതിരെ ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല.
ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. ഡിസംബർ 15 ന് നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ്-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജയിക്കുന്നവരെയാണ് മൊറോക്കോ നേരിടുക.
മികച്ച പ്രതിരോധവും അതിനൊത്ത ആക്രമണവും മധ്യനിരയിലെ ആധിപത്യവും കൊണ്ട് പോര്‍ച്ചുഗലിനെ മുക്കിക്കളഞ്ഞാണ് മൊറോക്കോ ചരിത്രജയം സ്വന്തമാക്കിയത്. കിട്ടിയ അവസരങ്ങള്‍ മുതലാക്കാതെ പോയ പോര്‍ച്ചുഗലിനും വിജയത്തിനും മുന്നില്‍ തടസ്സമായി ഇടയ്ക്ക് ക്രോസ് ബാറും വിലങ്ങുതടിയായി നിന്നു.
26-ാം മിനുറ്റില്‍ സിയെച്ചിന്റെ ഹെഡര്‍ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 30-ാം മിനുറ്റില്‍ ഫെലിക്സിന്റെ ഉഗ്രന്‍ ഷോട്ട് ഡിഫ്ലക്ഷനായി പുറത്തേക്ക് തെറിച്ചു. ഇതിന് ശേഷം 42-ാം മിനുറ്റിലായിരുന്നു യഹിയയുടെ ക്രോസില്‍ ഉയര്‍ന്നുചാടി തലവെച്ച് നെസീരിയുടെ ഗോള്‍. പോര്‍ച്ചുഗീസ് ഗോളി ഡിയാഗോ കോസ്റ്റയുടെ അബദ്ധത്തില്‍ നിന്ന് കൂടിയായിരുന്നു ഈ ഗോള്‍. ഇതിന് പിന്നാലെ ബ്രൂണോയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചതോടെ മൊറോക്കോയ്ക്ക് 1-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
64-ാം മിനുറ്റില്‍ ബ്രൂണോ സമനിലക്കായുള്ള സുവര്‍ണാവസരം തുലച്ചു. 82-ാം മിനുറ്റില്‍ റോണോയുടെ പാസില്‍ ഫെലിക്സിന്റെ മഴവില്‍ ഷോട്ട് ബോനോ നിഷ്പ്രഭമാക്കി. എട്ട് മിനുറ്റ് ഇഞ്ചുറിടൈമിന്റെ തുടക്കത്തില്‍ റൊണാള്‍ഡോയുടെ ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് ബോനോ തടഞ്ഞത് പോര്‍ച്ചുഗീസ് പ്രതീക്ഷകള്‍ തകര്‍ത്തു.
പോർച്ചുഗൽ ഇലവൻ
കോസ്റ്റ, ഡാലോട്ട്, പെപ്പെ, റൂബൻ ഡിയാസ്, റാഫേൽ, റൂബൻ നവാസ്, ഒട്ടാവിയോ, ബ്രൂണോ ഫെർണാണ്ട്, ബർണാഡോ സിൽവ, ജാവോ ഫെലിക്സ്, ഗോൺസാലോ റാമോസ്
മൊറോക്കോ ഇലവൻ
യാസിൻ ബൗനോ, അഷ്റഫ് ഹക്കീമി, സുഫിയാൻ അമ്രബാത്, റൊമൈൻ സെസ്സ്(ക്യാപ്റ്റൻ), ജാവേദ് അൽ യാമിഖ്, യഹ്യാ അതിയത്തുല്ലാഹ്, അസ്സെദ്ദീൻ ഔനാഹി, സലേം അമെല്ലാഹ്, ഹകീം സിയെച്ച്, സൊഫിയാനെ ബൗഫൽ, യൂസ്സെഫ് എൻ നെസൈരി.