തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ സഭ. ആറ് ആവശ്യങ്ങള്‍ നടപ്പിലാക്കിയെന്നതു സര്‍ക്കാര്‍ വാദം മാത്രമാണ്. ആവശ്യങ്ങള്‍ ഭാഗികമായി മാത്രമാണ് നടപ്പിലാക്കുന്നതെന്നും ഞായറാഴ്ച പള്ളികളില്‍ വായിക്കാനിരിക്കുന്ന ഇടയലേഖനത്തിൽ പരാമർശിക്കുന്നു.
നാളെ എല്ലാ പള്ളികളിലും ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍ വിതരണം ചെയ്യാനാണ് ലത്തീന്‍ സഭയുടെ നീക്കം. വിഴിഞ്ഞം സംഘര്‍ഷമായിരുന്നു സമരം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. സര്‍ക്കാരിന്റെ ഉറപ്പുകള്‍ ഭാഗികം മാത്രമാണ്. അതിനെ അതിജീവിക്കാനുള്ള സമ്മര്‍ദത്തില്‍ ഭാവിയിലും ഒരുമിച്ച് നില്‍ക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിക്കുന്നത്.
വിഴിഞ്ഞത്ത് ഒരു മാസത്തിലധികം നീണ്ടുനിന്ന മത്സ്യത്തൊഴിലാളി സമരം കഴിഞ്ഞ ദിവസമാണ് ഒത്തുതീർപ്പിലെത്തിയത്. സമരസമിതിയുടെ ആറ് ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനു പിന്നാലെയായിരുന്നു തീരുമാനം. സമരത്തെത്തുടർന്ന് മുടങ്ങിയ വിഴിഞ്ഞം തുറമുഖ നിർമാണം പുനഃരാരംഭിച്ചു. സമയബന്ധിതമായി തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.