ഷിംല: ഗാന്ധി കുടുംബത്തോടും സംസ്ഥാനത്തെ ജങ്ങളോടും നന്ദി പറഞ്ഞ് നിയുക്ത ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു. പുതിയ സർക്കാർ സംസ്ഥാനത്ത് മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
“ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയും ഞാനും ഒരു ടീമായി പ്രവർത്തിക്കും. 17-ാം വയസ്സിൽ ഞാൻ രാഷ്ട്രീയജീവിതം ആരംഭിച്ചു. കോൺഗ്രസ് പാർട്ടി എനിക്കായി ചെയ്ത കാര്യങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല,” സുഖ്വീന്ദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുഖ്വീന്ദർ സിങ് സുഖു മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. അഞ്ച് തവണ എംഎൽഎയായ മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയുമാകും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. അനിശ്ചിതത്വങ്ങൾക്കൊടുവിൽ സുഖ്വീന്ദർ സിങ്ങിനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ഹമീർപൂർ ജില്ലയിലെ നദൗനിൽ നിന്നുള്ള എംഎൽഎയാണ് 58 കാരനായ സുഖ്വീന്ദർ.
ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ കൂടിയായ സുഖ്വീന്ദർ നാല് തവണ എംഎൽഎയായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുത്തയാളാണ് സുഖ് വീന്ദർ സിങ്.