ധാക്ക: ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. 410 എന്ന ലക്ഷ്യം പിന്തുടർന്ന് രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിനെ ഇന്ത്യ 182ൽ ഒതുക്കി. ഇതോടെ വൈറ്റ് വാഷ് ഒഴിവാക്കാന്‍ ബംഗ്ലദേശിനെതിരെ പൊരുതാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് 227 റൺസിന്റെ കൂറ്റൻ വിജയം.
വിദേശത്ത് എതിരാളികളുടെ ഗ്രൗണ്ടില്‍ റണ്‍ മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2003ല്‍ ബംഗ്ലാദേശിനെതിരെ തന്നെ ധാക്കയില്‍ 200 റണ്‍സിന് വിജയിച്ചതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. അതോടൊപ്പം ഏകദിന ഫോര്‍മാറ്റില്‍ ടീം ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ വിജയം കൂടിയാണ് ഇന്ന് ചിറ്റഗോങ്ങില്‍ പിറന്നത്. മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളും ബംഗ്ലദേശ് വിജയിച്ചിരുന്നു. ഇതോടെ 2–1ന് ബംഗ്ലദേശ് പരമ്പര സ്വന്തമാക്കി.
മൂന്നാം ഏകദിനത്തില്‍ ഇഷാന് കിഷന്റെ 210 റണ്‍സിന്റെയും വിരാട് കോലിയുടെ 113 റണ്ണിന്റേയും കരുത്തില്‍ 409 റണ്‍സ് പടുത്തുയര്‍ത്തിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 34 ഓവറില്‍ വെറും 182 റണ്ണില്‍ പുറത്താവുകയായിരുന്നു. ഇതോടെ 227 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ അവസാനിപ്പിച്ചു.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിനായി 50 പന്തില്‍ 43 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്കോറര്‍. ക്യാപ്റ്റൻ ലിറ്റൻ ദാസ് (26 പന്തിൽ 29), യാസിർ അലി( 30 പന്തിൽ 25), മഹമ്മദുല്ല(26 പന്തിൽ 20), തസ്കിൻ അഹമ്മദ്(16 പന്തിൽ 17), മുസ്തഫിസുർ റഹ്മാൻ(17 പന്തിൽ 13) എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം കടന്നത്. 34 ഓവർ വരെ നീണ്ട മത്സരത്തിൽ 182 റൺസെടുക്കാനേ ബംഗ്ലാദേശിന് കഴിഞ്ഞുള്ളൂ.
ഇന്ത്യയ്ക്കായി ഷർദൂൽ താക്കൂർ മൂന്നു വിക്കറ്റും അക്സർ പട്ടേൽ, ഉമ്രാൻ മാലിക് എന്നിവർ രണ്ടു വിക്കറ്റു വീതവും മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ് എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.