ഫോക്സ് വാഗന് ഷോറൂമിന് മുന്നില്‍ പ്രതിഷേധവുമായി സിനിമാ സീരിയൽ നടന് കിരണ്‍ അരവിന്ദാക്ഷന്. വാഹനം വാങ്ങിയപ്പോള്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടന്റെ പ്രതിഷേധം. യഥാര്‍ത്ഥ കാരണം മറച്ചുവച്ച് ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന് പറഞ്ഞ് വാറന്റി നിഷേധിച്ചുവെന്നാണ് കിരണ്‍ അരവിന്ദാക്ഷന് ആരോപിക്കുന്നത്.
10 ലക്ഷത്തോളം രൂപ ലോണെടുത്ത് വാങ്ങിയ കിരണിന്റെ ഫോക്സ് വാഗന് പോളോ ഡീസല്‍ കാര്‍ 16 മാസമായി ഓടാതെ കിടക്കുകയാണ്. 2021 ആഗസ്റ്റിലാണ് വാഹനം ബ്രേക്ക് ഡൌണായത്. ഇപ്പോള്‍ കൊച്ചിയിലെ മരടിലെ യാര്‍ഡിലാണ് വാഹനം കിടക്കുന്നത്.
2023 മാര്‍ച്ച് വരെ വാഹനത്തിന് വാറന്റിയുണ്ടെന്നാണ് കിരണ്‍ പറയുന്നത്. എന്നാല്‍ ഇന്ധന ടാങ്കില്‍ വെള്ളം കയറിയതാണ് പ്രശ്നം എന്നാണ് ഫോക്സ് വാഗന് അംഗീകൃത സര്‍വീസ് സെന്റര്‍ പറഞ്ഞത്. മൂന്ന് ലക്ഷം രൂപയ്ക്ക് അടുത്തു ചിലവാകുന്ന ഈ പണിക്ക് വാറന്റി ലഭിക്കില്ലെന്നാണ് ഇവര്‍ അറിയിച്ചത്. എവിടെ നിന്നാണ് ഇങ്ങനെ ടാങ്കില്‍ വെള്ളം വന്നത് എന്ന ചോദ്യത്തിന് അത് ഡീസല്‍ അടിച്ച പമ്പില്‍ പോയി ചോദിക്ക് എന്ന രീതിയില്‍ മോശമായി പെരുമാറി എന്നും കിരണ്‍ പറയുന്നു.
കണ്‍സ്യൂമര്‍ ഫോറത്തില്‍ കിരണ്‍ നല്കിയ പരാതിയില്‍ എംവിഡി ഉദ്യോഗസ്ഥന്റെയും , കെമിക്കല്‍ ലബിന്റെയും പരിശോധനയില്‍ ഇവരുടെ റിപ്പോര്‍ട്ടില്‍ ഇന്ധനത്തില്‍ ജലം ഇല്ലെന്നാണ് പറയുന്നത്. വിഷയത്തില്‍ ഫോക്സ് വാഗണ്‍ അനുമതി നല്‍കാതെ തീരുമാനം എടുക്കാനാകില്ലെന്നാണ് ഡീലര്‍ പറയുന്നത്.