ഫിഫ ലോകകപ്പിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ക്രോയെഷ്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്ത്തിയത്. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിച്ചില്ല. ആദ്യ പകുതിയില്‍ ബ്രസീലിനെ ക്രൊയേഷ്യ പിടിച്ചുനിര്‍ത്തി.രണ്ടാം പകുതിയില്‍ ബ്രസീലിന്റെ കളി മാറി. നിരന്തരം ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ച് കയറി ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
56ാം മിനിറ്റില്‍ റഫീന്യയെ പിന്‍വലിച്ച് ആന്റണിയെ കളത്തിലിറക്കിയതോടെ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂടി. എന്നാല്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചും പ്രതിരോധനിരയും ബ്രസീലിന് ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു.
ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. ഇതോടെ കാനറികൾ പുറത്തേക്ക്.
ക്രൊയേഷ്യയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സേമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. ബ്രസീൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് 1986നു ശേഷം ഇതാദ്യമാണ്.