ന്യൂഡൽഹി: വിവാദമായ ഏക സിവിൽ കോഡ് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവാദ സ്വകാര്യബില്‍ രാജ്യസഭയില്‍ പ്രതിപക്ഷ എതിര്‍പ്പിനിടെ അവതരിപ്പിച്ചു. രാജ്യത്ത് ഏക വ്യക്തി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുന്ന സ്വകാര്യ ബില്‍ ബിജെപി എംപി കിരോഡി ലാല്‍ മീണയാണ് അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ മുഴുവനും സഭയില്‍ ഇല്ലാതിരുന്നതില്‍ മുസ്ലിം ലീഗ് അതൃപതി പരസ്യമാക്കി.
ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയനീക്കമെന്ന് ആരോപിച്ച് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മറ്റു പ്രതിപക്ഷ കക്ഷികളും അവതരണത്തെ എതിര്‍ത്തു. ബില്‍ അവതരിപ്പിക്കാന്‍ നീക്കം നടക്കുന്നതിനിടെ കോണ്‍ഗ്രസ് എംപിമാരില്‍ ഭൂരിഭാഗവും സഭയില്‍ ഇല്ലാതിരുന്നതില്‍ മുസ്ലിം ലീഗ് അതൃപ്തി പ്രകടമാക്കി. കോണ്‍ഗ്രസും ലീഗും യുഡിഎഫില്‍ ഒന്നിച്ചല്ലേ എന്ന് സിപിഎം എംപിമാര്‍ പരിഹസിച്ചു.
63 അംഗങ്ങള്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു. 23 പേര് എതിര്‍ത്തു. സ്വകാര്യബില്‍ അവതരണം അംഗങ്ങളുടെ അവകാശമാണെന്നും ബില്ലിന്മേല് ചര്‍ച്ച നടക്കട്ടെയെന്നും രാജ്യസഭാ നേതാവ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നിലപാടെടുത്തു.