ഡൽഹി: മുഖ്യമന്ത്രി ആരാകണമെന്നതിനെ ചൊല്ലി ഹിമാചൽ പ്രദേശ് കോൺഗ്രസിൽ തർക്കം മുറുകുന്നു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗും സുഖ് വിന്ദർ സിങ് സുഖുവും മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ട്. പ്രതിഭ സിംഗ് അനുകൂലികൾ പിസിസി ആസ്ഥാനത്തിന് മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. കൂടുതൽ എംഎൽഎമാർ തനിക്കൊപ്പമെന്നാണ് സുഖ് വിന്ദർ സിങ് സുഖുവിന്റെ അവകാശവാദം. നിയമസഭാ കക്ഷി യോഗം ചേരാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍ ചേരും. ഷിംലയിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം. സുഖ്വീന്ദര് സിംഗിന് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കിലും പ്രതിഭാ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനോടാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് താത്പര്യം. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. പിസിസി ആസ്ഥാനത്ത് പ്രതിഭാ സിംഗ് അനുകൂലികള്‍ മുദ്രാവാക്യം വിളിക്കുകയാണ്. താക്കൂര്‍ അല്ലെങ്കില്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്നതാണ് ഹിമാചലില്‍ പതിവ്. നദൗന്‍ മണ്ഡലത്തില്‍ നിന്ന് സുഖ്വീന്ദര് സിങിന് തന്നെയാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളത്.
ഹിമാചലിൽ ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എംഎൽഎമാരുടെ നിർദേശങ്ങൾ കേൾക്കും. ബിജെപിയിലേക്ക് ചാടേണ്ടവർ നേരത്തെ പോയെന്നും ആശങ്കയില്ലെന്നും വേണുഗോപാൽ പറഞ്ഞു.