തൊടുപുഴ: ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്.
പശ്ചിമബംഗാൾ സ്വദേശികളായ പ്രദീപ് (38), സുധൻ (30) എന്നിവരാണ് മരിച്ചത്. വൈകുന്നേരം 4.30നാണ് അപകടമുണ്ടായത്. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികള്‍ അതിനടിയില്‍പ്പെട്ടു. ഒന്നര മണിക്കൂറോളം നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്സും തീവ്രശ്രമം നടത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
പടുകൂറ്റൻ ഗ്രാനൈറ്റ് പാളികൾ ഇരുപതോളം പേർ ചേർന്ന് എടുത്ത് പുറത്തേക്ക് മാറ്റിയും ഗ്രാനൈറ്റ് പാളികൾ കയറിൽ കെട്ടി ഉയർത്തിയുമാണ് രക്ഷ പ്രവർത്തകർക്ക് മൃതദേഹം പുറത്തെടുക്കാനായത്.
അപകടത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും ഉടുമ്പൻചോല പൊലീസ് അറിയിച്ചു. മരിച്ച സുധന്റെയും പ്രദീപിന്റെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമാർട്ടത്തിനായി മാറ്റി.