ന്യൂഡല്‍ഹി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 18 വരെ നീട്ടി. 08/12/2022 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നീട്ടിയത്.
അർഹരായ മുഴുവൻ ആളുകളേയും വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും, മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.
നിലവിൽ 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 18 വയസ് പൂർത്തിയായ ശേഷം അർഹത പരിശോധിച്ച് വോട്ടർ പട്ടികയിൽ ഇടം പിടിക്കും. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6 , പ്രവാസി വോട്ടർമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം 6A , ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പി ക്കാൻ ഫോം 6B യും, വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിന് എതിരെ ആക്ഷേപം ഉന്നയിക്കൽ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കൽ എന്നിവയ്ക്ക് ഫോം 7; തെറ്റ് തിരുത്തൽ , അഡ്രസ്സ് മാറ്റം , വോട്ടർ കാർഡ് മാറ്റം , ഭിന്ന ശേഷിക്കാരെ അടയാളപ്പെടുത്തൽ എന്നിവയ്ക്കായി ഫോം 8ഉം പൂരിപ്പിക്കാം.
അപേക്ഷകൾ www.nvsp.in , വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് അല്ലെങ്കിൽ www.ceo.kerala.gov.in വഴിയോ സമർപ്പിക്കാം.