തിരുവനന്തപുരം: ഒഴിവുകൾ വകുപ്പു മേധാവികൾ റിപ്പോർട്ട് ചെയ്യുന്നതിനു പകരം പിഎസ്സിക്ക് സ്വമേധയാ ഒഴിവുകൾ അറിയാനാവുന്ന സോഫ്റ്റ്വേർ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഷാഫി പറന്പിലിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരാൾ ജോലിയിൽ പ്രവേശിക്കുന്പോൾ തന്നെ വിരമിക്കൽ തീയതി അറിയാം. ഇതു പ്രകാരം പ്രത്യേകമായി റിപ്പോർട്ട് ചെയ്തില്ലെങ്കിലും പിഎസ്സിക്ക് ഒഴിവുകൾ അറിയാനാവുന്ന സംവിധാനമാണ് വരുന്നത്. ഇതിനു നടപടി സ്വീകരിക്കാൻ നിർദേശിച്ചെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് പരിഭ്രാന്തി വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.