ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി ഇറാൻ. ദൈവവിരോധം ആരോപിച്ച്, മുഹ്സിൻ ഷെകാരി എന്ന യുവാവിനെയാണ്, ഇറാൻ ഗവണ്മെന്റ് ഇന്നുരാവിലെ തൂക്കിലേറ്റിയത്.
കലാപങ്ങൾക്കിടെ ടെഹ്റാനിലെ ഒരു പ്രധാനപാത ഉപരോധിച്ചതിനും, പാരാമിലിട്ടറി ഫോഴ്സിലെ സൈനികനെ കുത്തിപ്പരിക്കേൽപ്പിച്ചതിനുമാണ് സെപ്റ്റംബറിൽ മൊഹ്സിനെ പോലീസ് അറസ്റ്റ് ചെയ്തത്.കൊലപ്പെടുത്തുക, ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, സമൂഹ്യ ക്രമവും സുരക്ഷിതത്വവും തകർക്കുക തുടങ്ങിയ ലക്ഷ്യത്തോടെ യുദ്ധം ചെയ്യുകയും ആയുധം കൈവശം വയ്ക്കുകയും ചെയ്തുവെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹസ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.