ബ്രസൽസ്: ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് 31-കാരനായ താരം വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
ബെൽജിയത്തിൻ്റെ സുവർണ തലമുറയിൽ പെട്ട ഹസാർഡ് സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിൽ ഒരാളാണ്. ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തായതിനു പിന്നാലെയാണ് ഹസാർഡിൻ്റെ വിരമിക്കൽ. റെഡ് ഡെവിൾസ് കുപ്പായം അഴിച്ച് വച്ചാലും ക്ലബ് ഫുട്ബോളിൽ തുടരുമെന്ന് റയൽ മാഡ്രിഡ് താരമായ ഹസാഡ് വ്യക്തമാക്കി.
സാമൂഹ്യമാധ്യത്തിൽ പോസ്റ്റ് ചെയ്ത വിരമിക്കൽ സന്ദേശത്തിൽ, ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങുകയാണെന്നും തന്റെ പിൻഗാമികൾ തയാറാണെന്നും ഹസാഡ് കുറിച്ചു. ദേശീയ ടീമിലെത്തിയ 2008 മുതൽ തന്നെ പിന്തുണച്ച ആരാധകർക്ക് കുറിപ്പിലൂടെ താരം നന്ദി അറിയിച്ചു.
2018 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയം, ഖത്തർ ടൂർണമെന്റിലെ ഗ്രൂപ്പ് എഫിൽ മൊറോക്കോയ്ക്കും ക്രൊയേഷ്യക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ചെൽസിക്കൊപ്പം രണ്ട് വീതം പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ് കിരീടങ്ങൾ നേടിയ ഹസാഡ്, ടീമിന്റെ എഫ്എ കപ്പ്, ലീഗ് കപ്പ് വിജയങ്ങളിലും പങ്കാളിയായ താരമാണ്. റയൽ മാഡ്രിഡിലേക്ക് കൂടുമാറിയ ശേഷം നിരന്തര പരിക്കുകൾ മൂലം ഫോം നഷ്ടമായ അവസ്ഥയിലാണ് താരം.