കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം തലയില്ലാത്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം.നരബലിയുടെ ഭാഗമായി കുട്ടിയുടെ കഴുത്തറുത്തതെന്നാണ് പൊലീസ് പറയുന്നത്.നവംബര്‍ 30ന് പ്രീത് വിഹാറിലെ വസതിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ അയല്‍വാസിയായ ഒരാള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ മൃതദേഹം മീററ്റിലെ ഒരു കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചതായി വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് ഒരു സംഘത്തെ അങ്ങോട്ട് അയച്ചു. തലയില്ലാതെ ഒരു മൃതദേഹം അവിടെ കണ്ടെത്തിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഏതാണ്ട് അധികം ദൂരത്തല്ലാതെ കുട്ടിയുടെ തലയും കണ്ടെത്തി. വസ്ത്രങ്ങൾ കണ്ടെത്തി പരിശോധിച്ചപ്പോൾ പ്രീത് വിഹാറില്‍ നിന്ന് കാണാതായ കുട്ടിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു