ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി.
പ്രസവത്തിൽ കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യയായ അപര്‍ണയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവ് ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.പ്രസവസമയത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ചികിത്സാപ്പിഴവാണ് അമ്മയും കുഞ്ഞും മരിക്കാനിടയാക്കിയതെന്നും ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമതിരെ നടപടിയെടുക്കാതെ പോസ്റ്റുമോര്‍ട്ടത്തിന് അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് അപര്‍ണയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നാലെ നാലുമണിയോടെ രാംജിത്തിന്റെ മാതാവിനെ വിളിപ്പിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രേഖകളില്‍ ഒപ്പിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രസവം നടക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.