മലപ്പുറം:മലപ്പുറത്ത് അഞ്ചാംപനി വ്യാപനം വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി . മതസംഘടന പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി ഇന്ന് കളക്ടറേറ്റില്‍ യോഗം ചേരും. രോഗവ്യാപനം തടയാന്‍ പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്.
ജില്ലയില്‍ അഞ്ചാംപനി സ്ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്. ജില്ലയിലെ എഴുപതോളം തദ്ദേശ സ്ഥാപനങ്ങളിലും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇനിയും വ്യാപനമുണ്ടാകുമെന്ന സൂചനയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
നിലവില്‍ തിരഞ്ഞെടുത്ത സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ പുരോഗമിക്കുകയാണ്. ഈ ക്യാമ്പുകള്‍ കൂടുതല്‍ സ്കൂളുകളിലൊരുക്കാനും, മതസംഘടന പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് യോഗം ചേരാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.