ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരായ തകര്‍പ്പന്‍ വിജയത്തിനുശേഷം സ്വപ്നം പങ്കുവെച്ച് സുപ്പര്‍താരം നെയ്മര്‍. തങ്ങള്‍ ഫിഫ ലോകകപ്പ് കിരീടം സ്വപ്നം കണ്ടു തുടങ്ങിയതായും എന്നാല്‍ ആ സ്വപ്ന സാക്ഷാത്കരത്തിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്നും നെയ്മര്‍ പറഞ്ഞു.
സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ പരിക്കേറ്റതോടെ ലോകകപ്പ് തന്നെ നഷ്ടമാവുമെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും താരം വെളിപ്പെടുത്തി. പരിക്കേറ്റ ദിവസം രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരു നൂറായിരം ചിന്തകളാണ് എന്റെ മനസിലൂടെ കടന്നുപോയത്. എന്നാല്‍ ടീം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം പിന്തുണ എനിക്കുണ്ടായിരുന്നു. അവര്‍ അയച്ച ആശംസാ സന്ദേശങ്ങളാണ് തനിക്ക് കരുത്തു പകര്‍ന്നതെന്നും കൊറിയക്കെതിരായ വിജയത്തിനുശേഷം നെയ്മര്‍ പറഞ്ഞു.