തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിൽ സമരക്കാരോട് സർക്കാരിന് ശത്രുതാ മനോഭാവമാണെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ എംഎൽഎ എം വിൻസെന്റ് . നാല് മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ ഈ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാനിന്നും സമരം ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും വിൻസന്റ് ആരോപിച്ചു.
‘പ്രളയകാലത്തെ സൈന്യമായിരുന്നു മത്സ്യതൊഴിലാളികൾ. മുഖ്യമന്ത്രി തന്നെയാണ് അവരെ കേരളത്തിന്റെ സൈന്യമെന്ന് വിളിച്ചത്. സ്വന്തം സൈന്യം പ്രശ്നവുമായി വരുമ്പോൾ അവരെ തീവ്രവാദികളാക്കുന്നതെങ്ങനെയാണ് ? വലിയതുറയിലെ സിമന്റ് ഗോഡൗണിൽ നാല് വർഷമായി ആളുകൾ കിടക്കുകയാണ്. നിങ്ങളിൽ ആർക്കെങ്കിലും അത്തരം പ്രയാസങ്ങളുണ്ടോ? മന്ത്രിമന്ദിരങ്ങൾ മോഡികൂട്ടുന്നവർക്ക് ഈ ദുരിതം പറഞ്ഞാൽ മനസിലാകുമോ? സങ്കടങ്ങൾക്ക് ചെവികൊടുക്കാൻ സർക്കാരിന് ബാധ്യതയില്ലേയെന്നും വിൻസന്റ് ചോദിച്ചു.
‘വിഴിഞ്ഞം വിഷയം സഭയിൽ ചർച്ച ചെയ്യാമെന്ന സമീപനം മുഖ്യമന്ത്രി സമരക്കാരോട് എടുത്തിരുന്നെങ്കിൽ സമരം തീരുമായിരുന്നു. തുറമുഖ കവാടം ഉപരോധിക്കൽ സമരക്കാരുടെ അജണ്ടയിലില്ലായിരുന്നു. ആദ്യം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരമിരുന്നത്. 28 ദിവസം സമരമിരുന്നിട്ടും സർക്കാർ ചർച്ചക്ക് തയ്യാറായില്ല. ഇപ്പോൾ ഈ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാണ്. ഗൗരവപൂർവ്വമായ ഇടപെടൽ സർക്കാരിന്റെെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സമരക്കാരോട് ശത്രുതാ മനോഭാവമാണ് സർക്കാർ കാണിക്കുന്നതെന്നും വിൻസന്റ് പറഞ്ഞു.