പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കൈയ്യക്ഷരം മോശമാണെന്ന് ആരോപിച്ച് ആറ് വയസുകാരനെ അധ്യാപിക മര്‍ദ്ദിച്ചതായി പരാതി. കുട്ടിയുടെ നോട്ട് ബുക്ക് പരിശോധിച്ച അധ്യാപിക കൈയ്യക്ഷരം മോശമാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ വടികൊണ്ട് തല്ലുകയും സംഭവം വീട്ടില്‍ പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് രക്ഷാതാവ് നല്കിയ പരാതിയില്‍ പറയുന്നു.
കുട്ടിയുടെ കൈയ്യില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് അധ്യാപിക അടിച്ച വിവരം വീട്ടിലറിയുന്നത്. അതേസമയം, സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 506 വകുപ്പ് പ്രകാരമാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തതെന്ന് വാന്‍വാടി പൊലീസ് സ്റ്റേഷന് ഹൌസ് ഓഫീസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും സ്കൂളധികൃതരെയും മറ്റ് വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്ത ശേഷം അധ്യാപികയ്ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസ് നടപടി വൈകുന്നതിനെതിരെ കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.