കൊച്ചി: വ്യാജവിസ നല്കി സ്പെയിനിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തുന്ന രണ്ടുപേരെ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി ജോബിന് മൈക്കിള്‍(35) പാലക്കാട് സ്വദേശി പൃഥിരാജ് കുമാര്‍(47) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ നൽകിയ വ്യാജ വീസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്പെയിനിൽ പിടികൂടി ഇന്ത്യയിലേക്കു കയറ്റിവിട്ടിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ പിന്നീട് പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഘം പിടിയിലായത്.
കേസ് ഏറ്റെടുത്ത അന്വേഷണ സംഘം മനുഷ്യക്കടത്തിന്റെ ഏജന്റുമാരെ തിരിച്ചറിഞ്ഞു നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്. പ്ലസ്ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവർ ആറു ലക്ഷം രൂപ സംഘത്തിനു നൽകിയാണ് ഷെങ്കൻ വീസ സംഘടിപ്പിച്ചത്. ഇതു വ്യാജ വീസയാണ് എന്ന വിവരം അറിയാതെ ഇവിടെ നിന്നു കയറിപ്പോയി അവിടെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും അധികൃതർ പിടികൂടി. തുടർന്നാണ് ഡീപോട്ട് ചെയ്തത്.
വിസ നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്തവരെ കബളിപ്പിച്ചാണ് പ്രതികള്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതെന്നും വ്യാജവിസ നല്‍കിയതെന്നും പോലീസ് പറഞ്ഞു.
മനുഷ്യക്കടത്ത് റാക്കറ്റില്‍ ഉള്‍പ്പെട്ട കൂടുതല്‍ ഏജന്റുമാരെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഇത്തരം ഏജന്റുമാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. ആര്. രാജീവ്, എസ്.ഐ. ടി.എം. സൂഫി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.