തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെത്തേക്ക് മാറ്റി. ബലാല്‍സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നുതിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു.
നിങ്ങള്‍ ചെയ്ത കുറ്റത്തിന് ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് കോടതി പ്രതികളോട് ചോദിച്ചു. ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തോട് പ്രതികള്‍ പ്രതികരിച്ചില്ല. പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
2018 മാർച്ചിൽ പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽനിന്നിറങ്ങി കോവളം ബീച്ചിലെത്തിയ 40 വയസ്സുകാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സഹോദരിക്കൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയുടെ മൃതദേഹം 38 ദിവസങ്ങൾക്കു ശേഷം പൊന്തക്കാടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.