കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു.ഇന്നലെ വൈകീട്ട് ജലനിരപ്പ് 140.50 അടിയിലെത്തിയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നൽകും.ജലനിരപ്പ് 142 അടിയിലെത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പ് നൽകും. ഈ ഘട്ടത്തിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് തുറന്നു വിടുകയും ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അധികം ജലം കൊണ്ടുപോകാൻ തമിഴ്നാടിന് സാധിക്കുന്നില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് 1167 ഘനയടിയായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ പെരിയാറിൽ 0.4 മില്ലി മീറ്ററും തേക്കടിയിൽ 2.4 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.