തിരുവനന്തപുരം: ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ നാളെ വിഴിഞ്ഞത്ത് എത്തും. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണം എന്നാണ് ഇവരുടെ ആവശ്യം. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും. സമരപ്പന്തലുകളും ദൗത്യ സംഘം സന്ദര്‍ശിക്കും.
വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിഴിഞ്ഞത്ത് എത്തുക. ലത്തീൻ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി, മാർത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. മാർ ബർണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ, മലങ്കര കത്തോലിക്ക സഭ സഹായ മെത്രാൻ ബിഷപ്പ് യോഹന്നാൻ മാർ പോളി കാർപ്പസ്, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എന്‍ രാധാകൃഷ്ണൻ, മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന് തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് എത്തുന്നത്. നാളെ ഉച്ചയ്ക്ക് 1 മണിയോടെയാണ് ദൗത്യ സംഘം വിഴിഞ്ഞത്ത് സന്ദര്‍ശനം നടത്തുക.
അതേസമയം, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ പുറത്തിറങ്ങിയിട്ടുണ്ട്. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന സർക്കാർ വാദം പ്രകോപനപരം. സർക്കാരിന് നിസംഗത മനോഭാവമാണ്. കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു. മാധ്യമങ്ങൾക്കെതിരെയും ലത്തീൻ അതിരൂപത വിമർശനമുന്നയിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സത്യത്തിൻ്റെ ഒരു മുഖം മാത്രമാണ്. വിഴിഞ്ഞം സംഘർഷത്തിനും പൊലീസ് സ്റ്റേഷൻ അക്രമത്തിനും കാരണം പ്രകോപനമാണ്. പ്രകോപന കാരണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ സർക്കുലർ.
സമരം അതിജീവനത്തിന് വേണ്ടിയുള്ളത്. അധികാരത്തിന് വേണ്ടിയുള്ളതല്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ മനസിലാക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചർച്ചകൾ പുരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലുള്ള സർക്കുലറിലെ പ്രധാന ആവശ്യം. അതേസമയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചർച്ചകൾ തുടരും.