ദോഹ: പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്കി പോളണ്ടിന്റെ ആശ്വാസ ഗോള്‍. സെനഗല്‍- ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ നേരിടുക.
ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിനെ രണ്ടാം പകുതിയില്‍ നിഷ്പ്രഭരാക്കിയായിരുന്നു ഫ്രാന്‍സിന്റെ ജയം. ഇരട്ട ഗോളുകളുമായി മത്സരത്തിലുടനീളം പോളണ്ട് പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ച എംബാപ്പെയായിരുന്നു ഫ്രഞ്ച് നിരയിലെ താരം.
74, 91 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ എണ്ണം പറഞ്ഞ ക്ലാസിക് ഗോളുകള്‍. എന്നാല്‍, 44-ാം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഡാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്കി വലയിലാക്കി ഒരു ഗോള്‍ മടക്കി. ഉപമെസാനൊ പന്ത് കൈ കൊണ്ട് തട്ടിയതിന് കിട്ടിയതായിരുന്നു പെനാല്‍റ്റി. ആദ്യമെടുത്ത കിക്ക് ഗോളി പിടിച്ചെങ്കിലും റീ കിക്ക് വേണ്ടിവന്നു. അത് ലെവന്‍ഡോവ്സ്കി വലയിലാക്കി.