തിരുവനന്തപുരം: സജി ചെറിയാനെതിരെയുള്ള ഭരണഘടനാ വിരുദ്ധ പ്രസംഗ കേസ് കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ക്രിമനൽ കേസ് നിലനിൽക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ഇത് ചൂണ്ടിക്കാട്ടി പരാതിക്കാരൻ അഡ്വ.ബൈജു നോയലിന് പൊലീസ് നോട്ടീസ് നൽകി.
ഭരണഘടനാവിരുദ്ധ പരാമര്‍ശം തെളിയിക്കാനാവില്ലെന്ന നിഗമനത്തിലാണ് പോലീസുള്ളത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തിങ്കളാഴ്ച തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കും.
കൊച്ചി സ്വദേശിയായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയില്‍ സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. തുടര്‍ന്ന് കീഴ് വായ്പ്പൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നാല് മാസം അന്വേഷിച്ചിട്ടും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നിലപാട്. ഒപ്പം ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശവും തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെയാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം. ഇതിന് മുന്നോടിയായാണ് പരാതിക്കാരന് പോലീസ് നോട്ടീസ് നല്‍കിയത്.
മല്ലപ്പള്ളിയില്വെച്ചു നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയ്ക്കെതിരേ ഗുരുതരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടച്ചക്രം എന്നാണ് സജി ചെറിയാന് സംബോധന ചെയ്തത്. തൊഴില്‍ സമരങ്ങള്‍ അംഗീകരിക്കാത്ത, തൊഴിലാളികളെ ചൂഷണത്തിന് വിധേയരാക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്.