തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സമവായ ചര്‍ച്ച. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ലത്തീൻ സഭ നേതാക്കൾ ചീഫ് സെക്രട്ടറിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് പല തട്ടില്‍ അനുനയനീക്കങ്ങൾ നടക്കുന്നത്.
വിഴിഞ്ഞം പദ്ധതി നിർത്തിവെയ്ക്കില്ലെന്ന കടുത്ത നിലപാടിലുള്ള സർക്കാർ സമരം, അവസാനിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്. സമരക്കാരുമായി നിരവധി ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സഭ തലവൻമാരുമായി സംസാരിച്ച് സമവായ നീക്കം നടത്തുന്നത്. കർദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ മുൻകെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലെ ചർച്ചക്ക് കളമൊരുക്കിയത്. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവർ ചർച്ചക്കെത്തി. ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ.
സഭ തലവൻമാർ എന്ത് മറുപടി നൽകി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സഭ തലവൻമാരുമായി ചർച്ചയ്ക്കുള്ള സാധ്യതയും തെളിയുന്നുണ്ട്. അതിനിടെ മധ്യസ്ഥ ശ്രമം നടത്താൻ ഗാന്ധി സ്മാരക നിധിയും ശ്രമം തുടങ്ങി. സമരക്കാരും സർക്കാരും അദാനിയുമായി സംസാരിക്കാനാണ് ആലോചന. ഇതിനായി പൗരപ്രമുഖരെ ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിച്ചു.
അതേസമയം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന തർക്ക വിഷയത്തിൽ ധാരണയായിട്ടില്ല. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരായ കേസും പ്രശ്നമാണ്.
വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിൽ അടുത്താഴ്ച ഹൈക്കോടതി അടുത്താഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് സമവായ നീക്കങ്ങൾ സജീവമായിരിക്കുന്നത്. കേന്ദ്രസേന സുരക്ഷ ഏറ്റെടുത്താൽ സ്ഥിതി ഗതികൾ മാറുമെന്ന വിലയിരുത്തൽ ഇരു കൂട്ടർക്കുമുണ്ട്.