വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി ഗ്രൂപ്പ് ആണെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു. ഇക്കാര്യത്തിൽ സർക്കാർ അല്ല തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാരും കോടതിയുമാണെന്നും മന്ത്രി പറഞ്ഞു. കമ്പനിയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനായി അവർ ആവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ സംസ്ഥാന സർക്കാരിന് അത് എതിർക്കേണ്ട കാര്യമില്ലെന്നും ആൻ്റണി രാജു പറഞ്ഞു.
കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. അദാനി പോലുള്ള നിരവധി കമ്പനികൾക്ക് കേരളത്തിൽ കേന്ദ്ര സേനയുടെ സംരക്ഷണം നൽകുന്ന സംവിധാനമുണ്ട്. കമ്പനി കോടതിയിൽ ഉന്നയിച്ച ആവശ്യം സർക്കാരിന് നിരസിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ തീവ്രവാദ ബന്ധമുള്ള ഒൻപത് പേരുടെ ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ തൻ്റെ സഹോദരൻ ഉൾപ്പെട്ടതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. എൽഡിഎഫിലെ ഒരു മന്ത്രിയും അവരെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി അബ്ദുറഹ്മാൻ്റെ പ്രസംഗത്തെ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി ഇതിനുള്ള മറുപടി സഹോദരൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.