ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്യുന്പോൾ ഞങ്ങൾ എപ്പോഴും ഓർക്കുന്ന ഒരു വാചകം ഉണ്ട് ‘Never let a good crisis go to waste’. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രയോഗമാണ്.
ഒരു ദുരന്തം ചില കാര്യങ്ങൾ ശരിയാക്കാനുള്ള അവസരമാണ്. അത് ഉപയോഗിക്കണം.
ഇന്ത്യയിൽ ബ്രേക്ക് ത്രൂ ഉണ്ടാകുന്നത് ബ്രേക്ക് ഡൌൺ ഉണ്ടാകുന്പോൾ ആണെന്ന് അരുൺ ഷൂറിയും പറഞ്ഞിട്ടുണ്ട്. ലൈസൻസ് രാജ് പൊളിഞ്ഞു വീണത് സർക്കാർ പാപ്പരായി സ്വർണ്ണം ലണ്ടനിലേക്ക് പണയം വെക്കാൻ പോയപ്പോൾ ആണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന് ഒട്ടേറെ പോരായ്മകൾ ഉണ്ടെന്നും അത് ഉടച്ചുവാർക്കേണ്ടതാണെന്നും വിശ്വസിക്കുകയും ആത്മാർഥമായി ആഗ്രഹിക്കുകയും അവസരം കിട്ടുന്പോൾ പറയുകയും ചെയ്യുന്ന ആളാണ് ഞാൻ.
അതുകൊണ്ടുതന്നെ കേരളത്തിലെ രാഷ്ട്രീയത്തിന്റെ ഫോക്കസ് യൂണിവേഴ്സിറ്റിയിൽ എത്തിനിൽക്കുന്ന ഈ സമയം പോസിറ്റിവ് ആയ മാറ്റങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത്.
പണ്ടൊരിക്കൽ ഞാൻ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ അതിൽ കൃത്യമായ നിർദേശങ്ങൾ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കിൽ അത് നടപ്പിലാക്കാൻ ശ്രമിക്കുമായിരുന്നു എന്നും ഉന്നത വിദ്യാഭ്യാസമന്ത്രി Dr. R. Bindu ഡോക്ടർ ബിന്ദു തന്നെ നേരിട്ട് കമന്റിട്ടിരുന്നു. സമയക്കുറവ് മൂലം അന്ന് മറുപടി പറയാൻ കഴിഞ്ഞില്ല. അതിനുള്ള മറുപടി കൂടിയാണിത്, ബഹുമാനപ്പെട്ട മന്ത്രി ശ്രദ്ധിക്കുമെന്ന് കരുതുന്നു.
ഉന്നത വിദ്യാഭ്യാസരംഗം ഉടച്ചുവാർക്കുന്നതിലെ ‘ഉടയ്‌ക്കൽ’ പണി തകൃതിയായി നടക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഈ ലേഖനം വാർക്കുന്നതിനെ കുറിച്ചാണ്. കുറച്ചേറെ നിർദ്ദേശങ്ങൾ ഉണ്ട്, അത് ഒരു പരന്പരയായി എഴുതാം. ഒരു തുടക്കമെന്ന നിലയിൽ ഇന്നിപ്പോൾ മൂന്നു നിർദ്ദേശങ്ങൾ പറയാം,.
വായനക്കാരും അവരുടെ നിർദ്ദേശങ്ങൾ പങ്കുവച്ചാൽ നമുക്കിത് നല്ലൊരു അവസരമാക്കാം.
നിർദ്ദേശം ഒന്ന് – നമുക്ക് എത്ര യൂണിവേഴ്സിറ്റികൾ വേണം?
കേരളത്തിൽ എത്ര യൂണിവേഴ്സിറ്റികൾ ഉണ്ട് എന്ന് ആരെങ്കിലും ചോദിച്ചാൽ എത്ര പേർക്ക് കൃത്യം ഉത്തരം പറയാൻ പറ്റും ?
പത്ത്?
പതിനഞ്ച്?
ഇരുപത്?
ഇരുപതിന് മുകളിൽ ?
കൃത്യം ഉത്തരം എനിക്കും അറിഞ്ഞു കൂടാ. വിക്കിപ്പീഡിയ പറയുന്നത് ഇരുപത്തി രണ്ട് എന്നാണ്, പക്ഷെ അതിൽ ഐ.ഐ.ടി.യും ഐസറും ഇല്ല (ഐ.ഐ.എം. ഉണ്ട് താനും). ഇത് വിക്കിപ്പീഡിയയുടെ തെറ്റാണോ, സാങ്കേതികത്വമാണോ എന്നറിഞ്ഞുകൂടാ.
എന്തുമാകട്ടെ ഇരുപതിന് മുകളിൽ എന്ന് തോർത്ത് പൊത്തി ഉറപ്പിക്കാം.
അതിൽ തന്നെ സംസ്ഥാന യൂണിവേഴ്സിറ്റികൾ ആണ് കൂടുതലും.
സംസ്ഥാനത്തെ പ്രദേശം അനുസരിച്ചുള്ള സർവ്വകലാശാലകൾ (കണ്ണൂർ, കാലിക്കറ്റ്, മഹാത്മാ ഗാന്ധി, കേരള).
വിഷയം അനുസരിച്ചുള്ളവ (കൃഷി, വെറ്ററിനറി,, സാങ്കേതികം, ആരോഗ്യം)
ഭാഷ അനുസരിച്ച് (മലയാളം, സംസ്കൃതം).
ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഓപ്പൺ യൂണിവേഴ്സിറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി
ഇനിയും കാണും
ഇത്രയും വേണോ?, എത്ര എണ്ണം വേണം?
കേരളത്തിൽ പത്തുലക്ഷത്തോളം വിദ്യാർത്ഥികൾ നമ്മുടെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ട് എന്നാണ് കണക്ക്.
നമ്മുടെ യൂണിവേഴ്സിറ്റികൾ ഭൂരിഭാഗവും പരീക്ഷ നടത്തിപ്പ് കേന്ദ്രങ്ങൾ ആണ്. യൂണിവേഴ്സിറ്റി കേന്ദ്രങ്ങളിൽ കുറച്ചു പഠനവും കുറെ ഗവേഷണവും നടക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികളിൽ ഭൂരിഭാഗവും യൂണിവേഴ്‌സിറ്റിക്ക് പുറത്താണ്.
സർവ്വകലാശാലകൾ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ടെങ്കിൽ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സർവ്വകലാശാല കണ്ണൂരാണോ തിരുവനന്തപുരമാണോ എന്നുള്ളത് അത്ര പ്രസക്തമല്ല. കോതമംഗലത്ത് അഞ്ചു വർഷം പഠിച്ച ഞാൻ കേരള സർവ്വകലാശാലയിൽ ഒരാവശ്യത്തിനും പോയിട്ട് തന്നെയില്ല. ഏത് സർവ്വകലാശാലയിൽ നിന്നാണോ ബിരുദം നേടുന്നത് അത് കേരളത്തിന് പുറത്ത് നാലുപേർ അറിയുന്നതായിരിക്കണം എന്നതാണ് പ്രധാനം. ആദ്യത്തെ ആയിരം റാങ്കിൽ പോലുമില്ലാത്ത ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റുമായി ലോക കന്പോളത്തിൽ തൊഴിലന്വേഷണത്തിന് ഇറങ്ങുന്നതാണ് വിഷമമുള്ള കാര്യം, രണ്ടു പ്രാവശ്യം തിരുവനന്തപുരത്ത് പോകുന്നതല്ല.
അപ്പോൾ പരീക്ഷ നടത്തിപ്പ് യൂണിവേഴ്സിറ്റികൾ മൊത്തമായി ഒറ്റ അഫിലിയേറ്റഡ്/ടീച്ചിങ്ങ് സർവ്വകലാശാല ആക്കണം. അതിനെ ഏറ്റവും വേഗത്തിൽ ഏറ്റവും നല്ല റാങ്കിങ്ങിൽ എത്തിക്കണം, പറ്റിയാൽ അഞ്ഞൂറിൽ താഴെ. ഇപ്പോഴത്തെ സാങ്കേതിക വിദ്യയുടെ കാലത്ത് പത്തുലക്ഷം ഒന്നും ഒരു സംഖ്യയല്ല. കോർസെറാ എന്ന ഓൺലൈൻ സ്ഥാപനത്തിൽ നൂറ്റി പതിമൂന്ന് പത്തു ലക്ഷം ആളുകൾ ആണ് ഇപ്പോൾ പഠിക്കുന്നത്, കേരളത്തിൽ എല്ലാ സർവ്വകലാശാലകളും കൂടിയതിന്റെ നൂറിരട്ടി!
അപ്പോൾ കേരളത്തിലെ പത്തുലക്ഷം വിദ്യാർത്ഥികളെ ഒറ്റ സംവിധാനത്തിൽ കൈകാര്യം ചെയ്യുക എന്നത് സാങ്കേതിക വിദ്യക്ക് പൂ പറിക്കുന്നത് പോലെ നിസ്സാരമാണ്.
ഈ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ചില നിബന്ധനകൾക്ക് വിധേയമായി എഞ്ചിനീയറിഗും കൃഷിയും മ്യൂസിക്കും മാത്തമാറ്റിക്‌സും മിക്സ് ചെയ്ത് പഠിക്കാനും കേരളത്തിൽ എവിടെയുള്ള കോളേജ് കാന്പസിലും സൗകര്യവും സാഹചര്യവും അനുസരിച്ചു പഠിക്കാനും ഉള്ള സംവിധാനം ഉണ്ടാകണം (അത് കൂടുതൽ വിശദമാക്കി മറ്റൊരു ലേഖനത്തിൽ പറയാം). തൽക്കാലം പറയുന്നത് സാങ്കേതിക സർവ്വകലാശാലയും കൃഷി സർവ്വകലാശാലയും പരസ്പരം കൊട്ടിയടച്ച കോട്ടകൾ ആക്കി വച്ചിരിക്കുന്നത് സാന്പത്തികമായി മാത്രമല്ല അക്കാദമിക്ക് ആയും ഏറെ തെറ്റായ രീതിയാണെന്നതാണ്.
ഒരു പാൻ കേരള ടീച്ചിങ്ങ് യൂണിവേഴ്സിറ്റി ഉണ്ടാക്കിക്കഴിഞ്ഞാൽ ബാക്കി വരുന്ന യൂണിവേഴ്സിറ്റി കാന്പസുകൾ, ഗവേഷണ സംവിധാനങ്ങൾ ഒക്കെ എന്ത് ചെയ്യണം എന്നും മറ്റൊരു ലേഖനത്തിൽ പറയാം. വായനക്കാർക്കും നിർദ്ദേശങ്ങൾ ഉണ്ടാകാം, പറയൂ.
തൽക്കാലം, ഒറ്റ നിർദ്ദേശം. ഒരു കേരളം, ഒറ്റ അഫിലിയേറ്റഡ്/ടീച്ചിങ്ങ് യൂണിവേഴ്സിറ്റി.
ഇത്രയൊക്കെ കടന്നു ചിന്തിക്കാൻ വിഷമം ആണെന്നറിയാം. ഒരു തുടക്കം ഇടാൻ വേണ്ടി പറഞ്ഞു എന്നേ ഉള്ളൂ. ഇങ്ങനെ ഒരു കാലം വരും.
എന്നാൽ ഉടനെ നടത്താൻ എളുപ്പമുള്ള മറ്റൊരു കാര്യം പറയാം.
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഡിഗ്രി പഠനം കഴിഞ്ഞാൽ പിന്നുള്ളൊരു കടന്പയാണ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ കിട്ടുക എന്നത്. വാസ്തവത്തിൽ ഡിഗ്രി പരീക്ഷയുടെ റിസൾട്ട് വരുന്ന അന്ന് തന്നെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്യാൻ പറ്റേണ്ടതാണ്. തൽക്കാലം നമ്മൾ അവിടെ എത്തിയിട്ടില്ല.
ഇപ്പോൾ എം.ജി. യൂണിവേഴ്സിറ്റിയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് വേണമെങ്കിൽ എന്ത് ചെയ്യണം എന്ന് നോക്കുക. പരിചയം ഉള്ളതുകൊണ്ട് എം.ജി. എന്ന് പറഞ്ഞു എന്നേ ഉള്ളൂ, മറ്റു യൂണിവേഴ്സിറ്റികളിലും രീതി ഇത് തന്നെ ആയിരിക്കണം.
ഒന്നാമത് വിഷയങ്ങൾ പാസ്സായി മാർക്ക് ലിസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. അതിന് ഓൺലൈൻ ആയി ഒരു ഫോം ഉണ്ട്. പഠിച്ച വിഷയം വർഷം എല്ലാം എഴുതണം. എന്നിട്ട് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, പ്ലസ് റ്റു സർട്ടിഫിക്കറ്റ്, ഡിഗ്രിയുടെ എല്ലാ മാർക്ക് ലിസ്റ്റും, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റും. ഇതൊക്കെ സെൽഫ് അറ്റെസ്റ്റഡ് കോപ്പി അപ്‌ലോഡ് ചെയ്യണം.
എന്തിനാണ് ?
ഒരു വിദ്യാർത്ഥി കോളേജിൽ ചേരുന്ന സമയത്ത് തന്നെ അവരുടെ എസ്.എസ്.എൽ.സി. യും പ്ലസ് റ്റു വും നോക്കി ബോധ്യം വരുത്തിയിട്ടുണ്ടാവില്ലേ?
ഇതേ യൂണിവേഴ്സിറ്റി നൽകിയ മാർക്ക് ലിസ്റ്റുകൾ ഓരോന്നും, പിന്നെ കൺസോളിഡേറ്റഡും വിദ്യാർത്ഥി തന്നെ വീണ്ടും കോപ്പിയെടുത്ത്, അതിന് മുകളിൽ ഒപ്പിട്ട്, വീണ്ടും സ്കാൻ ചെയ്ത് വീണ്ടും അപ്‌ലോഡ് ചെയ്യേണ്ട എന്ത് കാര്യമാണ് ഉള്ളത്? ഒരു കുട്ടിയുടെ റോൾ നന്പർ എടുത്തു നോക്കിയാൽ മാർക്ക് ലിസ്റ്റ് യൂണിവേഴ്സിറ്റിയിൽ തന്നെ ഉണ്ടാവില്ലേ?
എത്ര ലക്ഷം പേജാണ് കുട്ടികൾ പ്രിന്റ് ചെയ്യുന്നത്, കുട്ടികളുടെ എത്ര സമയം ആണ് പോകുന്നത്? ഇതൊക്കെ ശരിയാണോ, ഒപ്പിട്ടിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കാൻ എത്ര മാത്രം സമയമാണ് നമ്മുടെ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുടേത് പാഴായി പോകുന്നത്?
ആട്ടെ, എന്തിനാണ് ഈ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്ന് ചിന്തിച്ചിട്ടുണ്ടോ?
സ്വാതന്ത്ര്യത്തിന് മുൻപൊക്കെ ഉള്ള കാലത്ത് യൂണിവേഴ്സിറ്റികൾ കോൺവൊക്കേഷൻ നടത്തിയാണ് ഡിഗ്രി നൽകിയിരുന്നത്. ഡിഗ്രി കൊടുക്കുന്നതിന് മുൻപ് ആ വർഷം ഡിഗ്രി നൽകേണ്ടവരുടെ ലിസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക്ക് കമ്മിറ്റിയുടെ മുൻപിൽ വക്കും, അവർ അംഗീകരിക്കും. അതിന് ശേഷമാണ് കോൺവൊക്കേഷൻ, അത് വർഷത്തിൽ ഒരു പ്രാവശ്യമേ ഉള്ളൂ. അപ്പോൾ ഒരു കൊൺവൊക്കേഷനും അടുത്ത കൊൺവൊക്കേഷനും ഇടക്കുള്ള സമയത്ത് ഡിഗ്രി പാസാവുന്നവർക്ക് ഉപരിപഠനത്തിനും ജോലിയിൽ പ്രവേശിക്കാനും വേണ്ടിയാണ് ഈ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്ന സംവിധാനം ഉണ്ടാക്കിയത്.
ഇപ്പോൾ കോൺവൊക്കേഷൻ ഒന്നുമില്ല. ഓരോ സർട്ടിഫിക്കറ്റും സിൻഡിക്കേറ്റ് അംഗീകരിക്കുന്നുണ്ടോ എന്നറിയില്ല, ഉണ്ടെങ്കിൽ തന്നെ ആയിരക്കണക്കിന് കുട്ടികൾ ഉള്ളതിനാൽ മൊത്തമായിട്ടുള്ള ഒരു അംഗീകാരം ആയിരിക്കും. ഓരോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരും ദിവസവും ഡസൻ കണക്കിന് ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒപ്പിടുകയാണ്. അപ്പോൾ ഒരു പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ ആവശ്യം തന്നെയില്ല.
നിർദ്ദേശം രണ്ട് – പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ എടുത്തു കളയുക.
ഇനി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തതിന് ശേഷം ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ഇപ്പോഴത്തെ സംവിധാനം നോക്കാം.
ഓൺലൈൻ ആയി തന്നെയാണ് അപേക്ഷിക്കേണ്ടത്
പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് കൊടുത്ത വിവരങ്ങൾ തന്നെ വീണ്ടും കൊടുക്കണം.
ഡിജിറ്റൽ ആപ്ലിക്കേഷൻ ആണെന്നോർക്കണം.
ഒരു വിദ്യാർത്ഥിക്ക് ഒരു പ്രൊഫൈൽ ഉണ്ടാക്കി കഴിഞ്ഞാൽ നമ്മുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്താൽ ഇതൊക്കെ പഴയതിൽ നിന്നും പൊക്കിക്കൊണ്ടുവരാൻ എന്ത് ബുദ്ധിമുട്ടുണ്ട്?
തീർന്നില്ല. ഒരു സെറ്റ് ഡോക്കുമെന്റ്റ് അപ്‌ലോഡ് ചെയ്യണം.
എന്തൊക്കെ? എസ്.എസ്.എൽ.സി., പ്ലസ് റ്റു, എല്ലാ ഗ്രേഡ് ഷീറ്റുകളും, കൺസോളിഡേറ്റഡ് ഗ്രേഡ് ഷീറ്റ്.
എല്ലാം സെൽഫ് അറ്റെസ്റ്റ് ചെയ്തത്.
ഇതൊക്കെ തന്നെയല്ലേ പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും നൽകിയത് ?
ഒരാൾ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് കൊണ്ടുവന്നാൽ ഈ പറഞ്ഞതൊക്കെ അന്ന് തന്നു എന്നതിന്റെ തെളിവല്ലേ?
അതൊന്നും പറഞ്ഞാൽ കാര്യം നടക്കില്ല.
ഈ പറഞ്ഞതിനൊക്കെ പുറമെ പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കോപ്പി
അതും സെൽഫ് അറ്റെസ്റ്റഡ്
അപ്പോൾ ഒരു ലക്ഷം കുട്ടികൾക്ക് എത്ര പേപ്പർ കോപ്പി ആയി, എത്ര മരം ആയി?
ഇതൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?
എന്തിന് ഈ പറഞ്ഞ കോപ്പികൾ ആരെങ്കിലും വായിച്ചു നോക്കുന്നുണ്ടോ?, ഉണ്ടെങ്കിൽ അവരുടെ സമയം വെറുതെ കളയുകയല്ലേ ?, വേറെ എന്തൊക്കെ ചെയ്യേണ്ട സമയമാണ്.
നമ്മുടെ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരെ പറ്റി പൊതുവെ മോശമായ അഭിപ്രയമാണ് ആളുകൾ പറയുന്നത്. പക്ഷെ ഇത്തരത്തിൽ ആണ് സിസ്റ്റം ഉണ്ടാക്കിവെച്ചിരിക്കുന്നതെങ്കിൽ അവരെ എങ്ങനെ കുറ്റം പറയും.
ആരാണ് ഇത് മാറ്റേണ്ടത്?
കേരളത്തിലെ മിക്കവാറും സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ എനിക്ക് നേരിട്ട് അറിയാം. അക്കാദമിക് ആയി ഏറെ നല്ല ആളുകൾ ആണ്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും സർവ്വകലാശാലകളുടെ പ്രവർത്തനവും നന്നാകണം എന്നഭിപ്രായം ഉള്ളവർ തന്നെ ആണ് അവരും.
എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിൽ ഉള്ള അനാവശ്യ സംവിധാനങ്ങൾ ഇന്നും നമ്മുടെ സർവ്വകലാശകളിൽ നില നിൽക്കുന്നത്?
ഡിജിറ്റൽ ഗവൺമെന്റിന്റെ കാര്യത്തിൽ ഇന്ന് ലോക മാതൃകയാണ് എസ്റ്റോണിയ. അവർ പൗരന്മാർക്ക് നൽകുന്ന ഒരു വാഗ്ദാനം ഉണ്ട്.
ഒരു വിവരം സർക്കാർ ഒരു പ്രാവശ്യം മാത്രമേ ആവശ്യപ്പെടൂ.
ഉദാഹരണത്തിന് ഒരു കുട്ടി ജനിക്കുന്പോൾ ആശുപത്രി കുട്ടിയുടെ പേരും മറ്റു വിവരങ്ങളും സർക്കാർ ഡേറ്റ ബേസിൽ കൊടുക്കുന്നു.
പിന്നെ കുട്ടിക്ക് ബർത്ത് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ട കാര്യമില്ല, അത് എപ്പോൾ വേണമെങ്കിലും ഡൗൺലോഡ് ചെയ്യാം.
കുട്ടിയുടെ മാതാപിതാക്കൾക്ക് ചൈൽഡ് അലവൻസിന് അപേക്ഷിക്കേണ്ട കാര്യമില്ല, അതവരുടെ അക്കൗണ്ടിൽ എത്തിയിരിക്കും.
സ്‌കൂൾ അഡ്മിഷൻ സമയം ആകുന്പോൾ വിദ്യാർത്ഥികളെ സ്‌കൂളുകൾ ആണ് അന്വേഷിക്കുന്നത്.
പാസ്പോർട്ട് അപേക്ഷക്ക് ബർത്ത് സർട്ടിഫിക്കറ്റ് നൽകേണ്ട കാര്യമില്ല. അത് സർക്കാരിന്റെ കൈവശം ഉണ്ടല്ലോ.
അങ്ങനെ അങ്ങനെ ജീവിതത്തിൽ ഒരിക്കലും പിന്നെ ആ കുട്ടി ഒരു സർക്കാർ വകുപ്പിലും ബർത്ത് സർട്ടിഫിക്കറ്റ് നൽകേണ്ട കാര്യമില്ല.
ഇതുപോലെയാണ് മറ്റെല്ലാ വിവരങ്ങളും.
ലോകം ഇവിടെ എത്തി നിൽക്കുന്പോൾ ആണ് ഒരു യൂണിവേഴ്സിറ്റിയിൽ ഒരു വിഷയം പഠിച്ചതിന് സർട്ടിഫിക്കറ്റ് നല്കാൻ വിദ്യാർഥികൾ രണ്ടു വട്ടം ‘അപേക്ഷി’ക്കേണ്ടത്, ഓരോ തവണയും ഒരേ വിവരം വീണ്ടും വീണ്ടും കൊടുക്കേണ്ടത്, അതേ യൂണിവേഴ്സിറ്റി നൽകിയ മാർക്ക് ലിസ്റ്റുകൾ പ്രിന്റ് ചെയ്ത്, ഒപ്പിട്ട് വീണ്ടും സ്കാൻ ചെയ്ത്, വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടത്. അതെല്ലാം കഴിഞ്ഞു കാത്തിരിക്കേണ്ടി വരുന്നത്.
ഇതൊക്കെ എളുപ്പത്തിൽ മാറ്റാം. ഇതൊക്കെ മാറ്റാൻ നമുക്ക് വേറെ ആരെങ്കിലോടും ചോദിക്കേണ്ട കാര്യമുണ്ടോ?
നിർദ്ദേശം മൂന്ന്. പരീക്ഷ എല്ലാം പാസ്സായാൽ അന്ന് വൈകീട്ട് ഡിഗ്രി സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യണം. അപേക്ഷിക്കേണ്ട കാര്യം തന്നെയില്ല. അതിന് ഫീ വല്ലതും ഉണ്ടെങ്കിൽ ഗൂഗിൾ പേ ആയി അടക്കാമല്ലോ.
ഇതൊക്കെ മാറ്റാൻ ആരെങ്കിലും എതിർക്കുമോ?
ബഹുമാനപ്പെട്ട മന്ത്രി ഒന്ന് ശ്രമിക്കൂ.
കൂടുതൽ വീണ്ടും എഴുതാം.
വായനക്കാരുടെ അഭിപ്രായങ്ങളും വരട്ടെ.
മുരളി തുമ്മാരുകുടി