തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി. ആദ്യ സ്വര്‍ണം പാലക്കാട് നേടി. 3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കല്ലടി സ്കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 3000 മീറ്റര്‍ ഓട്ടമത്സരം സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോട്ടയത്തെ ദേവിക ബെന്നും സ്വര്‍ണ്ണം സ്വന്തമാക്കി.
അതേസമയം, നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തിരുവനന്തപുരത്ത് കായികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാന സ്കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തുകയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 86 വ്യക്തിഗത ഇനങ്ങളും, രണ്ട് ക്രോസ് കണ്ട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉള്‍പ്പെടെ ആകെ 98 ഇനങ്ങളിലായാണ് ഭാവിയുടെ താരങ്ങള്‍ മാറ്റുരയ്ക്കുക.
സബ് ജൂനിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ്, ജൂനിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ്, സീനിയര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാര്‍ഥികളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. 1443 ആണ്‍കുട്ടികളും, 1294 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. മുന്നൂറ്റിയമ്പതോളം ഒഫിഷ്യല്‍സും ഇത്തവണ മേളയ്ക്കെത്തും.