കോഴിക്കോട്: കോഴിക്കോട് പിഎൻബി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. കോഴിക്കോട് കോർപ്പറേഷന്റെ പണം അനുമതിയില്ലാതെ കൈമാറിയെന്നാണ് പരാതി.
കോര്പ്പറേഷന് അക്കൗണ്ടില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനെജര്‍ റിജില്‍ 12 കോടി തട്ടിയെടുത്തുവെന്നാണ് കോർപ്പറേഷന്റെ പരാതി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട്ടെ ലിങ്ക് റോഡ് ശാഖയിലെ നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് മുന്‍ മാനെജര്‍ എംപി റിജില്‍ കോടികള്‍ തട്ടിയെടുത്തതിന്റെ വിവരങ്ങൾ ഒന്നൊന്നായി പുറത്തു വന്നിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പറഞ്ഞു’. എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ നഷ്ടപ്പെട്ടെന്നും മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.
ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സ്റ്റേറ്റുമെന്റുകളിൽ ഉൾപ്പെടെ കൃത്രിമത്വം നടത്തിയെന്നും തട്ടിപ്പ് കണ്ട് പിടിച്ചത് കോർപറേഷൻ തന്നെയാണെന്നും ബീന ഫിലിപ്പ് പറഞ്ഞു. തട്ടിപ്പിന് പിന്നിൽ ഒരാൾ മാത്രമാണോ എന്ന് പറയാനാകില്ലെന്നും വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ കൂട്ടിച്ചേര്‍ത്തു. പണം പിൻവലിക്കുമ്പോഴുള്ള സന്ദേശം ബ്ലോക്ക് ചെയ്തെന്നും സ്റ്റേറ്റ്മെന്റ് തിരുത്തിയെന്നും മേയർ പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റിൽ തിരുത്തൽ വരുത്തിയതിനാല്‍ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും തട്ടിപ്പ് നടത്തിയ മാനേജർ ജോലിയിലുണ്ടായിരുന്ന 2019 മുതലുള്ള മുഴുവൻ ഇടപാടുകളും പരിശോധിക്കുമെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു.