ദോഹ: ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറില്‍. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ദക്ഷിണ കൊറിയയുടെ വിജയം. അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർറ്റയിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും കിം യങ് ഗ്വോൺ (27), ഹ്വാങ് ഹീ ചാൻ (91) എന്നിവരിലൂടെ ദക്ഷിണ കൊറിയ ഗോള്‍ മടക്കി.
ഗ്രൂപ്പിലെ യുറഗ്വായ് ഘാന പോരാട്ടത്തിൽ യുറഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു ജയിച്ചെങ്കിലും കൂടുതൽ ഗോളുകൾ അടിച്ചതിന്റെ അടിസ്ഥാനത്തിൽ കൊറിയ മുന്നേറുകയായിരുന്നു. കൊറിയയ്ക്കും യുറഗ്വായ്ക്കും നാലു പോയിന്റുകൾ വീതമാണുള്ളത്.
എന്നാല്‍, തോറ്റെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലുണ്ട്. പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും ദക്ഷിണ കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് അവസാന പതിനാറില്‍ എത്തിയത്.
മത്സരത്തിൽ ആദ്യം ലീഡെടുത്തിട്ടും പോർച്ചുഗലിന് വിജയിക്കാനോ ലീഡ് നിലനിർത്താനോ കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ പോർച്ചുഗലാണ് ആദ്യം വലകുലുക്കിയത്. വിങ്ങ് പ്ലയറായ റിക്കാർഡോ ഹോർത്തയാണ് ഗോൾ നേടിയത്. ഡലോട്ട് നൽകിയ പാസാണ് കട്ട് ചെയ്തു ഹോർത്ത ഗോളാക്കി മാറ്റിയത്. 27-ാം മിനിറ്റിൽ കിം യങ് ഗൗണിലൂടെയായിരുന്നു കൊറിയയുടെ തിരിച്ചടി. കോർണർ കിക്കിൽ റൊണാൾഡോയുടെ പിഴവിലൂടെ ലഭിച്ച അവസരം ഗൗൺ ഗോളാക്കി മാറ്റുകയായിരുന്നു.
ഇരു ടീമുകളുടേയും ലൈനപ്പ്
പോർച്ചുഗൽ: ക്രിസ്റ്റാന്യോ റൊണാൾഡോ, ഹോർത്ത, മാരിയോ, വിട്ടിൻഹ, നെവസ്്, നുനസ്, കാൻസലോ, പെപ്പെ, സിൽവ, ദലോട്ട്, കോസ്റ്റ.
ദക്ഷിണ കൊറിയ: ജി.എസ് ചോ, ജെ. ലീ, എച്ച്. സൺ, കെ. ലീ, ഐ. ഹ്വാങ്, ഡ്ബ്ലൂ ജങ്, എം.എച്ച് കിം, കെ. കൗൺ, വൈ. കിം, ജെ. കിം, എസ്.കിം