മുംബൈ: ഐപിഎലിൽ ഇനി പകരക്കാർ കളി തീരുമാനിക്കും. കളിയിൽ വൻ വഴിത്തിരിവ് കൊണ്ടുവരാൻ കഴിയുന്ന പരിഷ്കാരം ബിസിസിഐ നടപ്പിലാക്കുന്നു. മത്സരത്തിനിടെ ഓരോ ടീമിനും ഒരു പകരക്കാരെ കളത്തിലിറക്കാന്‍ അനുവദിക്കുന്ന പുതിയ പരിഷ്കാരമാണ് അടുത്ത സീസണ് മുതല്‍ നടപ്പിലാക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ഐപിഎലിലേക്ക് വരുന്നത്.
പുതിയ നിയമം അനുസരിച്ച്, ഒരു ടീമിന് കളിയിൽ ഒരു സബ്സ്റ്റിറ്റ്യൂട്ട് നടത്താം. ടോസ് സമയത്ത് രണ്ട് ടീമുകളും സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരായി ഇറക്കാനുള്ള നാല് കളിക്കാരുടെ പട്ടിക കൈമാറണം. ബൗളര്‍മാരോ ബാറ്റര്‍മാരോ ഓള് റൗണ്ടര്‍മാരോ ആരുമാകാം ഇത്. ഈ പട്ടികയില്‍ നിന്ന് ഒരാളെ മാത്രമാണ് മത്സരത്തില്‍ ഏതെങ്കിലും ഒരു കളിക്കാരന് പകരം മൈതാനത്തിറക്കാൻ അനുവദിക്കു. ഓരോ ഇന്നിംഗ്സിന്റെയും 14 ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് മാത്രമെ ഇങ്ങനെ കളിക്കാരെ പകരം ഇറക്കാനാവൂ.
ഇങ്ങനെ ഇറങ്ങുന്ന പകരക്കാരന് സാധാരണ കളിക്കാരനെപ്പോലെ ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും കഴിയും. ഔട്ടായ ബാറ്റര്‍ക്ക് പകരമോ ഓവറുകള്‍ എറിഞ്ഞു തീര്‍ന്ന ബൗളര്‍ക്ക് പകരമോ പകരക്കാരനായി കളിക്കാരനെ ഇറക്കാം. എന്നാല്‍ ഔട്ടായ ബാറ്റര്‍ക്ക് പകരം വേറൊരു ബാറ്ററെ ഇറക്കിയാലും ഇന്നിംഗ്സിലെ ആകെ ബാറ്റര്‍മാരുടെ എണ്ണം 11ല്‍ കവിയാന്‍ പാടില്ല.
എന്നാൽ നാലോവര്‍ പൂര്‍ത്തിയാക്കിയ ബൗളര്‍ക്ക് പകരം പുതിയൊരു ബൗളറെ ഇറക്കിയാൽ അയാള്‍ക്ക് നാലോവര്‍ എറിയാന്‍ കഴിയും. പകരം ഇറക്കുന്ന കളിക്കാരന് ഇംപാക്ട് പ്ലേയര്‍ എന്നായിരിക്കും അറിയപ്പെടുക.