ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഓള് റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ഐപിഎല്ലില്‍നിന്ന് വിരമിച്ചു. ദീര്‍ഘകാലം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമായിരുന്ന താരം വിരമിച്ചാലും ടീമിനൊപ്പം തുടരും. പുതിയ സീസണില്‍ ബ്രാവോയെ ബൗളിംഗ് കോച്ചായി ചെന്നൈ നിയോഗിച്ചു. നിലവിൽ ചെന്നൈയുടെ ബോളിങ് കോച്ചായ ബാലാജിക്ക് ഒരു വർഷത്തേക്ക് ചെന്നൈ സൂപ്പർ കിങ്സ് അക്കാദമിയുടെ ചുമതലയായിരിക്കും.
39കാരനായ ബ്രാവോയെ കഴിഞ്ഞ സീസണിൽ 4.40 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുകയായിരുന്നു. വരുന്ന ഐപിഎൽ ലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് ബ്രാവോയെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബ്രാവോ പ്രതികരിച്ചു. എന്നാല്‍ ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
”കളിക്കളത്തിലെ എന്റെ നാളുകൾ കഴിഞ്ഞ ശേഷം ഇത്തരത്തിലൊരു റോൾ ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കളിക്കാരനിൽ നിന്ന് പരിശീലകനാകുക എന്നത് എനിക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നില്ല.”- ബ്രാവോ പറഞ്ഞു.
161 മത്സരങ്ങളില്‍ നിന്നും 183 വിക്കറ്റുകള്‍ കൊയ്ത ബ്രാവോ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ്. 2013, 2015 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. രണ്ട് തവണ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ഏക താരവും ബ്രാവോയാണ്. ഐപിഎല്ലില്‍ 1,556 റണ്‍സും വിന്‍ഡീസ് മുന്‍താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ആദ്യത്തെ മൂന്നു സീസണുകളില്‍ മുംബൈ ഇന്‍ഡ്യന്‍സിനു വേണ്ടി കളത്തിലിറങ്ങിയ ബ്രാവോ 2011 സീസണിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയത്. ഒത്തുകളി ആരോപണത്തിന്റെ പേരില്‍ 2016, 2017 വര്‍ഷങ്ങളില്‍ ചെന്നൈ സസ്പെന്ഷന് നേരിട്ടപ്പോള്‍ ഗുജറാത്ത് ലയണ്‍സിന്റെ ഭാഗമായിരുന്നു ബ്രാവോ. പിന്നീട് 2018-ലെ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ചെന്നൈ താരത്തെ വീണ്ടും സ്വന്തമാക്കി. 2011, 2018, 2021 വര്‍ഷങ്ങളില്‍ ചെന്നൈ കിരീടം നേടുമ്പോള്‍ ബ്രാവോ ടീമിലുണ്ടായിരുന്നു.
മറ്റൊരു വിൻഡീസ് സൂപ്പർ താരം പൊള്ളാർഡും ഐപിഎലിൽ നിന്ന് വിരമിച്ചിരുന്നു. മുംബൈ ഇന്ത്യൻസിൻ്റെ താരമായിരുന്ന പൊള്ളാർഡ് ഇനി ടീമിൻ്റെ ബാറ്റിംഗ് പരിശീലകനാവും.