കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ നഷ്ടപ്പെട്ടെന്നും മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. ബാങ്ക് സ്റ്റേറ്റുമെന്റുകളിൽ ഉൾപ്പെടെ കൃത്രിമത്വം നടത്തിയെന്നും തട്ടിപ്പ് കണ്ട് പിടിച്ചത് കോർപറേഷൻ തന്നെയാണെന്നും ബീന ഫിലിപ്പ് പറഞ്ഞു. തട്ടിപ്പിന് പിന്നിൽ ഒരാൾ മാത്രമാണോ എന്ന് പറയാനാകില്ലെന്നും വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ കൂട്ടിച്ചേര്‍ത്തു.
പണം പിൻവലിക്കുമ്പോഴുള്ള സന്ദേശം ബ്ലോക്ക് ചെയ്തെന്നും സ്റ്റേറ്റ്മെന്റ് തിരുത്തിയെന്നും മേയർ പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റിൽ തിരുത്തൽ വരുത്തിയതിനാല്‍ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും തട്ടിപ്പ് നടത്തിയ മാനേജർ ജോലിയിലുണ്ടായിരുന്ന 2019 മുതലുള്ള മുഴുവൻ ഇടപാടുകളും പരിശോധിക്കുമെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു .
തട്ടിയെടുത്ത പണത്തിൽ ഭൂരിഭാഗവും ബാങ്ക് മാനേജറായിരുന്ന റിജില്‍ ഉപയോഗിച്ചത് ഓൺലൈൻ ഗെയിമിനാണെന്ന് പൊലീസ് പറഞ്ഞു. എട്ടു കോടി രൂപയാണ് ഓൺലൈൻ ഗെയിമിനായി മാത്രം ഇയാൾ ഉപയോഗിച്ചത്. റിജിലന്റെ ബാങ്ക് ഇടപാടുകളുടെ രേഖകൾ പരിശോധിച്ചതിൽ എട്ടു കോടി രൂപയലധികം ഓൺലൈൻ ഗെയിമിലൂടെ നഷ്ടപ്പെട്ടതായി കണ്ടെത്തി. 98 ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു കോര്‍പറേഷന്റെ ആദ്യ പരാതി. എന്നാല്‍ പിന്നീട് നടത്തിയ ആഭ്യന്തര പരിശോധനയിലാണ് 15.2 കോടി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഇതില്‍ 2.5 കോടി രൂപ ബാങ്ക് ഇന്നലെ തന്നെ തിരികെ നല്‍കിയിരുന്നു. ഇയാള്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. തട്ടിയെടുത്ത തുകയുടെ ഒരു ഭാഗം മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപിച്ചതായും പൊലീസിനു വിവരം ലഭിച്ചു. റിജിലന്റെ ബാങ്ക് ഇടപാടുകള്‍ വിശദമായി പൊലീസ് പരിശോധിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ കോര്പറേഷന് അക്കൗണ്ടില്‍ നിന്നും തന്റെ പിതാവിന്റെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം മാറ്റിയത്. തുടര്‍ന്ന് അതില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമായെങ്കിലും ഒളിവിലുള്ള റിജിലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. റിജിലിന്റെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
അതേസമയം, നഷ്ടമായ പണം 24 മണിക്കൂറിനകം കോര്പറേഷന് തിരികെ നല്‍കണമെന്ന് ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനന് താക്കീത് നല്കി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലേക്കാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മാര്‍ച്ച് നടത്തിയത്.സ്വകാര്യ വ്യക്തികളെയും വഞ്ചിച്ചോ എന്ന് ബാങ്ക് പരിശോധിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പ്രതിയായ മുന്‍ മാനേജര്‍ എം.പി. റിജില്‍ ഒളിവില്‍ തുടരുകയാണ്. കൂടുതല്‍ തട്ടിപ്പ് നടത്തിയോ എന്നറിയാന്‍ ചൈന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധന ബാങ്കില്‍ തുടരുകയാണ്.