ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാന് ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ആരംഭിക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് തെക്കന്‍ കൊറിയയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ബ്രസീല്‍ കാമറൂണിനെയും നേരിടും.
ഗ്രൂപ്പ് ജിയില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ടീമാണ് ബ്രസീല്‍. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനും സ്വിറ്റ്സര്‍ലന്‍ഡിനെ 1-0നും ബ്രസീല്‍ പരാജയപ്പെടുത്തിയിരുന്നു. ആറ് പോയിന്റുമായി ബ്രസീല്‍ തന്നെയാണ് ജി ഗ്രൂപ്പില്‍ തലപ്പത്തുള്ളത്. അതേസമയം, ഇന്ന് കാമറൂണിനെതിരെ വിജയം കൈവരിച്ചാല്‍ ബ്രസീലിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം.
ഗൂപ്പ് എച്ചില് രണ്ട് ജയവുമായി പോര്ച്ചുഗിലാണ് തലപ്പത്തുള്ളത്. അതേസമയം, ഖത്തര്‍ ലോകകപ്പില്‍ കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോസ്റ്റോറിക്കക്കെതിരെ ശക്തമായ ആധിപത്യത്തോടെ ജയിച്ചിട്ടും ജപ്പാന്റെ അട്ടിമറിയോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പില്‍ നിന്നും ജര്‍മനിയ്ക്ക് പടിയിറങ്ങേണ്ടി വന്നു.