ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു ഹർജി .ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നൽകിയ ഹർജിയും തളളി.
തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു ജാമ്യം.
ഇതേതുടർന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂർത്തിയാക്കിയിരുന്നു. എന്നാൽ എൽദോസ് അന്വേഷണത്തോട് സഹകരിച്ചില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.