ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ സ്പെയിനെതിരെ ജപ്പാന്റെ വിജയം നിര്‍ണയിച്ച ഗോളില്‍ വിവാദം പുകയുന്നു. വാറിലെ പരിശോധനയില്‍ ഗോളിന് അനുവദിച്ചെങ്കിലും പന്ത് വര കടന്നെന്നാണ് പരക്കെ വിമര്‍ശനം ഉയരുന്നത്. ഗോളാകൃതിയിലുള്ള പന്തിന്റെ ആംഗിള്‍ പരിശോധിക്കുമ്പോള്‍ പന്ത് വരയ്ക്ക് മുകളിലാണെന്നാണ് ഫുട്ബോള്‍ വിദഗ്ധര്‍ വിശദീകരിക്കുന്നത്.
അതേസമയം, ജപ്പാന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ ഒറ്റനോട്ടത്തില്‍ ഗ്രൗണ്ടിന് പുറത്താണെന്ന് തോന്നിപോകും. അസാധ്യ മെയ്വഴക്കത്തോടെ മിറ്റോമ റാഞ്ചിയെടുത്ത പന്ത് വലയിലെത്തിച്ച് തനാക ജപ്പാന് ലീഡ് നല്‍കുകയായിരുന്നു. അസിസ്റ്റന്റ് റഫറി പന്ത് പുറത്തുപോയെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വാര് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വാര് ജപ്പാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അതേസമയം, ഖത്തര്‍ ലോകകപ്പില്‍ കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോസ്റ്റോറിക്കക്കെതിരെ ശക്തമായ ആധിപത്യത്തോടെ ജയിച്ചിട്ടും ജപ്പാന്റെ അട്ടിമറിയോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പില്‍ നിന്നും ജര്‍മനിയ്ക്ക് പടിയിറങ്ങേണ്ടി വന്നു.