ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊറോക്കോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഈ നൂറ്റാണ്ടിൽ ലോകകപ്പിന്റെ ഗ്രൂപ്പ് ചാമ്പ്യൻമാരാകുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ.
ഹക്കീം സിയെച്ചും യൂസഫ് എന്‍ നെസിരിയും മൊറോക്കോയ്ക്കായി സ്കോര്‍ ചെയ്തപ്പോള്‍ 40-ാം മിനിറ്റില്‍ മൊറോക്കന്‍ ഡിഫന്‍ഡര്‍ നയെഫ് അഗ്വേര്‍ഡിന്റെ സെല്‍ഫ് ഗോള്‍ കാനഡയുടെ അക്കൗണ്ടിലെത്തി.
കളിയാരംഭിച്ച് നാലാം മിനിറ്റില്‍ ഹക്കീം സിയെച്ചാണ് മൊറോക്കോക്കായി ആദ്യം ഗോൾ നേടിയത്. കാനഡ ഗോള്‍കീപ്പര്‍ ബോര്‍ഹാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു. ബോക്സിന് പുറത്ത് നിന്ന് പന്ത് ലഭിച്ച സിയെച്ച് പന്ത് ബോര്‍ഹാന്റെ തലയ്ക്ക് മുകളിലൂടെ വലയിലെത്തിച്ചു. 40 ാം മിനിറ്റിലായിരുന്നു നയീഫിന്റെ സെല്‍ഫ് ഗോള്‍.
നെസ്രിയുടെ ഗോള്‍ 23 ാം മിനിറ്റിലാണ് പിറന്നത്. സിയെച്ചിൽ നിന്ന് സ്വീകരിച്ച പാസ് കനേഡിയന്‍ പ്രതിരോധത്തെ മറികടന്ന് ഗോൾ പോസ്റ്റിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയില്‍ കൂടുതല്‍ നേരം പന്ത് കൈവശം വച്ചത് കാനഡയായിരുന്നെങ്കിലും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞത് മൊറോക്കോയായിരുന്നു. കാനഡ ഗോള്‍ മുഖം ലക്ഷ്യമാക്കി ആറ് ഷോട്ടുകളാണ് മൊറോക്കോ താരങ്ങള്‍ ഉതിര്‍ത്തത്. 71-ാം മിനിറ്റില്‍ ഹോയ്ലെറ്റിന്റെ ക്രോസില്‍ നിന്നുള്ള ഹച്ചിന്‍സന്റെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് ഗോള്‍ലൈനില്‍ തട്ടിയെങ്കിലും പന്ത് ലൈന്‍ കടക്കാതിരുന്നതിനാല്‍ ഗോള്‍ നഷ്ടമാകുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ് നിരാശരായാണ് കാനഡയുടെ മടക്കം.