നാഗ്പൂർ: നാഗ്പൂരിലെ ആർഎസ്എസ് ഹെഡ് ക്വാർട്ടേഴ്സ് തകർക്കുമെന്ന് ഭീഷണിക്കത്ത്. നവംബർ 25ന് റെഷിംബാഗ് ഗ്രൗണ്ടിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും തകർക്കുമെന്നാണ് പൊലീസിന് കത്ത് ലഭിച്ചത്.
സംഭവത്തിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന്റെ (എംഎസ്ഇഡിസിഎൽ) ഡെപ്യൂട്ടി എൻജിനീയറെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് കമ്മീഷണർ അമിതേഷ് കുമാറിനാണ് കത്തയച്ചത്. സുരേഷ് ഭട്ട് ഹാളും തകർക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, പിടിയിലായ ആളുടെ പേരോ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സക്കാർദാര പൊലീസ് സ്റ്റേഷൻ മേൽവിലാസത്തിലാണ് കത്തയച്ചത്. കത്തിൽ, രേഷിംബാഗിലെ ആർഎസ്എസ് ഓഫീസ്, രേഷിംബാഗിന് സമീപമുള്ള ഭട്ട് ഹാൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ബോംബിന്റെ ചിത്രവും കത്തിൽ വരച്ചിരുന്നു. അജ്ഞാത കത്ത് ലഭിച്ചതോടെ പോലീസ് സേന സജീവമായി. സക്കാർദാര പോലീസ് സ്‌റ്റേഷനിലെ പ്രത്യേക സംഘം രൂപീകരിച്ച് ദിവസങ്ങളായി ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. നാഗ്പൂരിലെ സീറോ മൈലിലുള്ള പോസ്റ്റ് ഓഫീസിൽ അജ്ഞാത കത്ത് ഉപേക്ഷിച്ച ഒരാളെ സിസിടിവി വഴി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തുന്ന അജ്ഞാത കത്ത് എഴുതിയത് താനാണെന്ന് ഇയാൾ സമ്മതിച്ചതായി പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
കസ്റ്റഡിയിലുള്ള എൻജിനീയർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നിലവിൽ എഞ്ചിനീയറെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തി വരികയാണെന്നും മാനസിക നില ശരിയല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നതായാണ് റിപ്പോർട്ട്.