ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍ അട്ടിമറി. ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ ടുണീഷ്യ ഒരു ഗോളിന് മലര്‍ത്തിയടിച്ചു. അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാന്‍സ് ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ അന്റോണിയോ ഗ്രീസ്മാന് നേടിയ ഗോളില്‍ സമനില നേടിയതിന്റെ ആശ്വാസത്തിലായെങ്കിലും വാര് പരിശോധനയില്‍ ഗ്രീസ്മാന് നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. ഇതോടെയാണ് ടുണീഷ്യയുടെ അട്ടിമറിവിജയം സാധ്യമായത്.
നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍ ടുണീഷ്യക്കെതിരെ ആദ്യ ഇലവനില്‍ ഒമ്പത് മാറ്റങ്ങളുമായാണ് ഫ്രാന്‍സ് ഇറങ്ങിയത്. സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയെയും അന്റോണിയോ ഗ്രീസ്മാനെയെുമെല്ലാം കരക്കിരുത്തി കളത്തിലറങ്ങിയ ഫ്രാന്‍സിനെ ടുണീഷ്യ ആദ്യ പകുതിയില്‍ ഗോളടിക്കാതെ പിടിച്ചു നിര്‍ത്തി. രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ വാഹ്ബി ഖാസ്റിയാണ് ടുണീഷ്യയുടെ വിജയഗോള്‍ നേടിയത്.
ഗോൾ വീണതോടെ 63ാം മിനുട്ടിൽ ഫ്രാൻസ് എംബാപ്പെയെ കളത്തിലിറക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. 78ാം മിനുട്ടിൽ ഡെംബാലെയെയും ഇറക്കി. കളി തീരാന്‍ 30 സെക്കന് പോലും ബാക്കിയില്ലാത്തപ്പോള്‍ ഫ്രാന്‍സ് ഗ്രീസ്മാനിലൂടെ ഗോള്‍ മടക്കി. വീണ്ടും കളി തുടരാന്‍ ഇരിക്കെ റഫറി വാര് പരിശോധന നടത്തി. ഇതില്‍ ഗ്രീസ്മാന് ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ടുണീഷ്യ ഐതിഹാസിക വിജയമാഘോഷിച്ചു.
തോറ്റെങ്കിലും ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്ന് കളികളില്‍ നാലു പോയന്റുമായി ടുണീഷ്യയും മൂന്ന് കളികളില്‍ ഒരു പോയന്റ് മാത്രം നേടിയ ഡെന്മാര്ക്കും പ്രീ ക്വാര്‍ട്ടറിലെത്താെതെ പുറത്തായി. ലോകകപ്പില്‍ ഇതാദ്യമായാണ് ടുണീഷ്യ ഒരു യൂറോപ്യന്‍ രാജ്യത്തെ തോല്‍പ്പിക്കുന്നത്.