കണ്ണൂർ: ഇരിട്ടി കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍നിന്ന് 100 വെടിയുണ്ടകള്‍ എക്സൈസ് പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം വഴിമുട്ടി. വിരാജ്പേട്ട, മടിക്കേരി, മൈസൂരു തുടങ്ങി വെടിയുണ്ട വില്‍ക്കുന്ന കടകളില്‍ ഉള്‍പ്പെടെ ഇരിട്ടി പോലീസ് പോയി അന്വേഷണം നടത്തിയെങ്കിലും സൂചനപോലും ലഭിച്ചില്ല.
ഇക്കഴിഞ്ഞ 16ന് രാവിലെ 11ന് കിളിയന്തറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആർടിസി ബസില്‍ നിന്ന് ഉടമസ്ഥനില്ലാത്ത നിലയില്‍ 10 പായ്ക്കറ്റുകളിലായി 100 നാടന്‍ തോക്ക് തിരകള്‍ എക്സൈസ് പിടികൂടിയത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍നടപടികള്‍ക്കായി ഇരിട്ടി പോലീസിന് കൈമാറി. ആംസ് ആക്ട് പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ് ആയതിനാലാണ് പോലീസിന് എക്സൈസ് വെടിയുണ്ടകൾ കൈമാറിയത്.
തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ബസ് ജീവന ക്കാരെ പോലീസ് ചോദ്യം ചെയ്തെങ്കിലും തങ്ങൾക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
സംഭവം നടന്ന് ഏഴ് മണിക്കൂര്‍ വൈകി വിവരം അറിയിച്ചതിനാല്‍ പോലീസിന് ബസില്‍ ഉള്ള യാത്രക്കാരെ ചോദ്യം ചെയ്യാനോ, ബസില്‍ കൂടുതല്‍ പരിശോധന നടത്താനോ അന്നു കഴിഞ്ഞില്ല. ഇതോടെ അന്വേഷണം വഴിമുട്ടുകായിരുന്നു.
















