റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. 3400 കോടി രൂപയ്ക്ക് അൽ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയുടെ തലസ്ഥാന നഗരിയായ റിയാദ് ആസ്ഥാനമായാണ് അൽ നസ്ർ പ്രവർത്തിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം രണ്ടര വര്‍ഷത്തെ കരാറാണ് താരത്തിന് മുന്നില്‍ ക്ലബ് വെച്ചിരിക്കുന്ന ഓഫര്‍. ഒരു സീസണ് 200 മില്യണ്‍ യൂറോയായിരിക്കും പ്രതിഫലം. പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുള്ള ക്രിസ്റ്റിയാനോയുടെ പുറത്താകലിന് വഴിവെച്ചത്. അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു.
അഭിമുഖത്തില്‍ യുണൈറ്റഡിനെതിരെയും പരിശീലകര്‍ക്കെതിരെയും ക്രിസ്റ്റ്യാനോ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുണൈറ്റഡ് പരിശീലകന് എറിക് ടെന്‍ഹാഗിനോട് ഒരു ബഹുമാനവും ഇല്ലെന്ന് താരം തുറന്നടിച്ചിരുന്നു. കോച്ച് മാത്രമല്ല മറ്റു രണ്ടോ മൂന്നോ പേര് കൂടി തന്നെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ക്ക് താന്‍ ഇവിടെ തുടരുന്നത് ഇഷ്ടമല്ല. കഴിഞ്ഞ വര്‍ഷവും അവര്‍ക്ക് ഇതേ നിലപാട് തന്നെയായിരുന്നുവെന്നും ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.