കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് വൈകീട്ട് 5-ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ‘ പ്രേരണ- മനുഷ്യ ചിന്തയെ പ്രചോദിപ്പിക്കുക’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുമെന്ന് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുവ പ്രൊഫഷണലുകള്‍ക്ക് ജോലി സംബന്ധമായ വളര്‍ച്ചയ്ക്ക് സഹായകമായ മാര്‍ഗദര്‍ശിയായും പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തീര സുരക്ഷ വിഭാഗം ഐജിയും സോഷ്യല്‍ പോലീസിങ് ഡയറക്ടറുമായ പി. വിജയന്‍ ഐപിഎസ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ‘ബിസിനസിനും സമൂഹത്തിനും സഹായകമായ ഭഗവദ് ഗീതയില്‍ നിന്നുമുള്ള വിജയത്തിന്റെയും നേതൃപാടവത്തിന്റെയും മാതൃകകള്‍’ എന്ന വിഷയത്തില്‍ ഐഐഎം ബെംഗലൂരുവിലെ ഡോ. ബി. മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തും. സംഗീതജ്ഞാനത്തിലെ ചിന്താ മാതൃകകള്‍ എന്ന വിഷയത്തില്‍ ഡോ. ജയശങ്കര്‍ പള്ളിപ്പുറം, സജിത് പള്ളിപ്പുറം എന്നിവരും കഥ പറച്ചിലില്‍ ഗീത അനന്ത്, വിഷ്ണുപ്രിയ രാജേഷ് എന്നിവരും സംസാരിക്കും.
ചിന്തയും ന്യൂറോസയന്‍സും എന്ന വിഷയത്തില്‍ കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളേജിലെ ഡോ. കൃഷ്ണന്‍ ബാലഗോപാല്‍ പ്രഭാഷണം നടത്തും. ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ സംസാരിക്കും.
ഡിആര്‍ഡിഒയിലെ മുന്‍ ശാസ്ത്രജ്ഞനും ബഹുരാഷ്ട്ര കമ്പനികളിലെ ടെക്നോളജി മേധാവിയുമാണ് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍ സതീഷ് കുമാര്‍ മേനോന്‍. വിവിധ ശാസ്ത്രശാഖകളിലെ വിജ്ഞാനം, പുരാണേതിഹാസങ്ങളിലെ നേതൃരീതികള്‍, മൂല്യാധിഷ്ഠിത വിജയ മാതൃകകള്‍ എന്നിവ ഏകോപിപ്പിക്കുന്നതില്‍ ഏറെ ഉത്സുകനായ അദ്ദേഹം കഴിഞ്ഞ 20 വര്‍ഷങ്ങളിലായി മനുഷ്യമനസിനെ പരുവപ്പെടുത്തുന്ന രംഗത്ത് ഗവേഷണവും സേവനവും നടത്തി വരുന്നു.