സംസ്ഥാനത്ത് വന്ദേ ഭാരത് ട്രെയിനുകൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110 മുതൽ 160 കിലോമീറ്റർ വരെയാക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്തുവാൻ ഒന്നര മണിക്കൂർ മാത്രം മതിയാകും. മൂന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് എത്തുകയും ചെയ്യാം.
രണ്ടു ഘട്ടമായായിട്ടാണ് ട്രയിൻ വേഗത വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഷൊർണ്ണൂർ – മംഗലാപുരം സെക്ഷനിൽ 2025 മാർച്ചിലും ഷൊർണ്ണർ – തിരുവനന്തപുരം സെക്ഷനിൽ 2026 മാർച്ചിലും വേഗത വർദ്ധിപ്പിച്ച് ട്രയിൻ ഓടിത്തുടങ്ങും. 160 കിലോമീറ്ററിലായിരിക്കും അതിനുശേഷം ഈ പാതകളിൽ കൂടി ട്രയിൻ സഞ്ചരിക്കുക. തിരുവനന്തപുരം – മംഗലാപുരം 626കിലോമീറ്റർ ട്രാക്കാണ് നിലവിലുള്ളത്. ഈ ട്രാക്കിൽ 60കിലോഗ്രാം ഭാരമുള്ള റെയിലിടാനും പാലങ്ങൾ ശക്തിപ്പെടുത്താനുമുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജനങ്ങളും കന്നുകാലികളും പാളം മുറിച്ചു കടക്കാനിടയുളള സ്ഥലങ്ങളിൽ മതിൽ കെട്ടാനും ഓട്ടോമാറ്റിക് സിഗ്നലിനുള്ള സ്ഥലങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാനും സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. ഈ സമിതിയിൽ നിന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ടെൻഡറുകൾ നൽകാനാണ് തീരുമാനം.
















