കുന്നംകുളം: തൃശ്ശൂരില്‍ ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കുന്നംകുളം മുന്‍നഗരസഭാംഗം കൂടിയായ കുന്നംകുളം ആര്‍ത്താറ്റ് പുള്ളിക്കപ്പറമ്പില്‍ സുരേഷാണ് അറസ്റ്റിലായത്. കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറി, ബൂത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്ന ആളാണ് സുരേഷ്.
അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് സഹോദരൻ്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന യുവതിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതിന് പിന്നാലെ സഹോദരന്റെ ഭാര്യ വിവരങ്ങള്‍ ചോദിച്ചപ്പോണാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കുറച്ചുനാള്‍ മുന്‍പാണ് യുവതിക്കുനേരെ ലൈംഗികാതിക്രമം നടന്നത്. മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടില്‍ക്കയറി സുരേഷ് യുവതിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതി ഇക്കാര്യം ആരോടും പറഞ്ഞില്ല.
എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായതോടെ വീട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. കുന്നംകുളം മജിസ്‌ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് എടുത്തതോടെ സുരേഷ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ ഉള്‍പ്പെടെ നിയോഗിച്ചതിന് പിന്നാലെയാണ് സുരേഷിനെ പിടികൂടാനായത്. കുന്നംകുളം സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.
















